അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; നാളെ വൈകീട്ടു വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കാന്‍ പരിശോധിക്കണമെന്ന് പോലീസ് ആവശ്യം അംഗീകരിച്ചു

അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

Update: 2025-12-03 07:16 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. ജാമ്യാപേക്ഷ തള്ളിയ കോടതി നാളെ വൈകീട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.വഞ്ചിയൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് നടപടി. രാഹുല്‍ ഈശ്വര്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഡിസംബര്‍ 6ന് പരിഗണിക്കും.

ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും രാഹുലിന്റെ ഓഫിസില്‍ പരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്. തിരുവന്തപുരം സൈബര്‍ പൊലീസാണ് രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തത്. തനിക്കെതിരായ കേസ് പൊലീസ് കെട്ടിച്ചമച്ചതെന്നായിരന്നു രാഹുലിന്റെ വാദം. അതിജീവിതയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും രാഹുല്‍ ഹര്‍ജിയില്‍ അവകാശപ്പെട്ടു. എന്നാല്‍ രാഹുലിന്റെ വാദം തള്ളിയ കോടതി രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

എംഎല്‍എയ്ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട വസ്തുതകളെയാണ് താന്‍ വിമര്‍ശിച്ചതെന്നും തന്റെ വീഡിയോകളൊന്നും പരിശോധിക്കാതെയാണ് എസിജെഎം കോടതി ജാമ്യം നിഷേധിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി അഭിഭാഷകന്‍ അലക്‌സ് കെ. ജോണ്‍ മുഖേനയാണ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. അറസ്റ്റിലായ രാഹുലിനെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ജയിലില്‍ നിരാഹാര സമരത്തിലാണ് രാഹുല്‍.

Tags:    

Similar News