സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ തന്ത്രി കണ്ഠര് രാജീവരിന്റെ പേരില്‍ 2.05 കോടി രൂപ; ഭാര്യയുടെ പേരില്‍ 62 ലക്ഷം; അക്കൗണ്ടിലെ കോടികള്‍ എവിടെ നിന്ന്? തന്ത്രി പൊതുസേവകനെന്നും അഴിമതി നിരോധന നിയമം ബാധകമാകുമെന്നും എസ്‌ഐടി കോടതിയില്‍
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ തന്ത്രി കണ്ഠര് രാജീവരിന്റെ പേരില്‍ 2.05 കോടി രൂപ
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളുടെ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കോടതിയില്‍ ഹാജരാക്കി. തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എസ്‌ഐടി ഈ വിവരങ്ങള്‍ അറിയിച്ചത്.
ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ തന്ത്രി കണ്ഠര് രാജീവരിന്റെ പേരില്‍ 2.05 കോടി രൂപയുടെയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയുടെയും നിക്ഷേപങ്ങള്‍ കണ്ടെത്തിയതായാണ് എസ്‌ഐടി കോടതിയെ അറിയിച്ചത്. ഈ സാമ്പത്തിക സ്രോതസ്സുകള്‍ തന്ത്രിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ തന്ത്രി കണ്ഠര് രാജീവര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് 7,26,000 രൂപ കൈപ്പറ്റിയതായി എസ്‌ഐടി കോടതിയെ ബോധിപ്പിച്ചു. ഈ സാഹചര്യത്തില്‍ തന്ത്രി പൊതുസേവകന്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുമെന്നും അതിനാല്‍ അഴിമതി നിരോധന നിയമം അദ്ദേഹത്തിനും ബാധകമാകുമെന്നും എസ്‌ഐടി വാദിച്ചു. ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന വ്യക്തിയാണ് തന്ത്രിയെന്നും വിവിധ കാരണങ്ങള്‍ പറഞ്ഞ് പല സമയങ്ങളിലായി ബോര്‍ഡില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം 18-നാണ് തന്ത്രി കണ്ഠര് രാജീവരിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക.