എസ് ഐ അടക്കമുള്ളവരെ വാഹനം തടഞ്ഞ് വടിവാള്‍ കൊണ്ട് ആക്രമിച്ച കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍; ' ഇതില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്ന് കോടതി; പ്രതികളായ 13 സിപിഎം പ്രവര്‍ത്തകര്‍ വിചാരണ നേരിടണമെന്ന് തളിപ്പറമ്പ് സെഷന്‍സ് കോടതി
ഇതില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്ന് കോടതി
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ ക്രിമിനല്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. കണ്ണൂര്‍ രാമന്തളിയില്‍ പോലീസുകാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ വിമര്‍ശനം. 'ഇതില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളത്?' എന്ന് കോടതി സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തു.
2015ല്‍ പയ്യന്നൂര്‍ രാമന്തളിയില്‍ സിപിഎം പ്രവര്‍ത്തകര്‍ എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തുവെന്ന കേസ് പിന്‍വലിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു വിമര്‍ശനം.
ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് തളിപ്പറമ്പ് സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.പ്രശാന്ത് കേസ് തള്ളുകയായിരുന്നു. രാമന്തളിയില്‍ പോലീസുകാരെ ആക്രമിച്ച കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ വിചാരണ നേരിടേണ്ടതുണ്ടെന്നും, കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിന് വേണ്ടിയല്ലെന്നും കോടതി നിരീക്ഷിച്ചു. ക്രിമിനല്‍ കേസുകളില്‍ രാഷ്ട്രീയ പ്രതികളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 13 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
സിപിഎം-എസ്ഡിപിഐ സംഘര്‍ഷത്തെത്തുടര്‍ന്ന് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് രാമന്തളിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. എസ്‌ഐ ആയിരുന്ന കെ.പി.ഷൈന്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനം തടഞ്ഞ് വടിവാള്‍ കൊണ്ടാണ് ആക്രമിച്ചത്. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കു പരുക്കേറ്റിരുന്നു.
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് പോലുള്ള ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടാതെ പ്രതികളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് നിയമവാഴ്ചയ്ക്ക് എതിരാണെന്ന ശക്തമായ നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.