കോടതിയെ വിഡ്ഢിയാക്കാന്‍ വരരുത്! ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാരിന് 25,000 രൂപ പിഴ; കേസില്‍ തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചതിന് സുപ്രീം കോടതി രൂക്ഷ വിമര്‍ശനം
ഡ്രജ്ജര്‍ അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാരിന് 25,000 രൂപ പിഴ
ന്യൂഡല്‍ഹി: മുന്‍ ഡി.ജി.പി. ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് 25,000 രൂപ പിഴ ചുമത്തി. കേസില്‍ തെറ്റായ വിവരങ്ങള്‍ കോടതിയെ അറിയിച്ചതിനാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി സുപ്രീം കോടതി പിഴ ചുമത്തിയത്.
നെതര്‍ലാന്‍ഡിലേക്ക് അന്വേഷണത്തിനായി പോകേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും അപേക്ഷയും കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു രാവിലെ കോടതിയെ അറിയിച്ചത്. എന്നാല്‍, ഈ വാദം തെറ്റാണെന്നും വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്തുരാജും സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും കോടതിയില്‍ വ്യക്തമാക്കി.
തുടര്‍ന്ന് ഉച്ചയ്ക്ക് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍, കേന്ദ്രം തങ്ങളുടെ നിലപാട് തിരുത്തി. ഇതോടെ, കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണോ എന്ന് ചോദിച്ച സുപ്രീം കോടതി, ഉത്തരവാദിത്തമില്ലാത്ത ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ ഉള്‍പ്പെട്ട ബെഞ്ചാണ് പിഴ ചുമത്തിയത്. ആദ്യം 50,000 രൂപ പിഴ ചുമത്താനാണ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ നിര്‍ദേശിച്ചത്. എന്നാല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് പിന്നീട് പിഴത്തുക 25,000 രൂപയായി കുറയ്ക്കുകയായിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായ സന്ദേശമാണ് സുപ്രീം കോടതി ഈ വിധിയോടെ നല്‍കിയിരിക്കുന്നത്.