ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ എങ്ങനെ കുഞ്ഞു വീണു? കുളിമുറിയോടു ചേര്‍ന്ന് തുറന്നുവച്ച ഭാഗത്തുകൂടിയാണ് കുട്ടി വീണതെന്ന മൊഴിയില്‍ സംശയം; ചോദ്യം ചെയ്യലില്‍ പൊലീസിനോട് സത്യം വെളിപ്പെടുത്തി മുബഷിറ; യുവതി കസ്റ്റഡിയില്‍

Update: 2025-11-04 11:40 GMT

കണ്ണൂര്‍: കുറുമാത്തൂര്‍ പൊക്കുണ്ടിനു സമീപം മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയതെന്ന് സൂചന. കുഞ്ഞിന്റെ മാതാവായ മൂലക്കല്‍ പുതിയപുരയില്‍ മുബഷിറയാണ് കൃത്യം നടത്തിയതെന്നാണ് വിവരം.കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് മുബഷിറ പൊലീസിന് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. തളിപ്പറമ്പ് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ യുവതിയെ ചോദ്യം ചെയ്തുവരികയാണ്. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിനു സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പര്‍ 2ല്‍ ഹിലാല്‍ മന്‍സില്‍ ടി.കെ. ജാബിറിന്റെയും മൂലക്കല്‍ പുതിയ പുരയില്‍ മുബഷിറയുടെയും മകന്‍ ആമിഷ് അലന്‍ ആണ് ഇന്നലെ രാവിലെ 10 മണിയോടെ വീടിന്റെ കുളിമുറിയോടു ചേര്‍ന്നുള്ള കിണറ്റില്‍ വീണു മരിച്ചത്. കുളിപ്പിക്കുന്നതിനിടെ കിണറ്റില്‍ വീണെന്നാണ് മുബഷിറ പറഞ്ഞത്. ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി വീണെന്ന് പറഞ്ഞതില്‍ ഇന്നലെ തന്നെ സംശയം ഉണ്ടായിരുന്നു.

വീട്ടിലെ കുളിമുറിയില്‍ വച്ച് കുളിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നെന്നായിരുന്നു യുവതി ആദ്യം പറഞ്ഞിരുന്നത്.യുവതിയുടെ ബഹളംകേട്ടെത്തിയ പൊതുപ്രവര്‍ത്തകന്‍ നാജ് അബ്ദുറഹ്‌മാന്‍, സുഹൃത്തുക്കളായ ഷംസാദ്, നാസര്‍ എന്നിവര്‍ കുഞ്ഞിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ഉടന്‍ തളിപ്പറമ്പ് സഹകരണാശുപ്രതിയിലും കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുബഷിറ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറുകയും അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞു. കിണര്‍ ഗ്രില്‍ കൊണ്ട് അടച്ചിരുന്നുവെങ്കിലും കുളിമുറിയോടു ചേര്‍ന്ന് തുറന്നുവച്ച ഭാഗത്തുകൂടിയാണ് കുട്ടി വീണത്.

തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് തന്നെ പൊലീസ് മുബഷിറയെ ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെയും പൊലീസ് ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെയാണ് കുട്ടിയെ കിണറ്റില്‍ എറിഞ്ഞതാണെന്ന സൂചന ലഭിച്ചത്. മുബഷിറ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വീട്ടിലാണ്. കൂടുതല്‍ കാര്യങ്ങള്‍ വൈകിട്ടോടെയെ പറയാന്‍ സാധിക്കൂ എന്ന് ഡിവൈഎസ്പി പറഞ്ഞു. കുട്ടിയുടെ പിതാവ് ജാബിര്‍ കുടക് കുശാല്‍ നഗറില്‍ വ്യാപാരിയാണ്. സഹോദരങ്ങള്‍: സഫ, അല്‍ത്താഫ്, അമന്‍.

Similar News