'ലൈവ് ലൊക്കേഷന്‍, കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ആരുടേയും എന്ത് വിവരവും ചോര്‍ത്തി നല്‍കും, പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം'; ഹാക്കര്‍ ജോയല്‍ കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളിയായത് പരസ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ; വീഡിയോ കണ്ട് കസ്റ്റമേഴ്‌സ് ആയത് പങ്കാളിയില്‍ സംശയമുള്ള കമിതാക്കള്‍; ഹൈദരാബാദിലെ 'ഡിറ്റക്ടീവിന്റെ' ചൂണ്ടയില്‍ കൊത്തിയവര്‍ നിരവധി!

'ലൈവ് ലൊക്കേഷന്‍, കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ആരുടേയും എന്ത് വിവരവും ചോര്‍ത്തി നല്‍കും

Update: 2025-11-03 17:27 GMT

പത്തനംതിട്ട: 'ലൈവ് ലൊക്കേഷന്‍, കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ആരുടേയും എന്ത് വിവരവും ചോര്‍ത്തി നല്‍കും, പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം.' - സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയൊരു പരസ്യം ചെയ്ത ഹാക്കര്‍ ജോയല്‍ ഒരു ചെറിയ മീനായിരുന്നില്ല. അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ പത്തനംതിട്ട അടൂര്‍ കോട്ടമുകള്‍ സ്വദേശിയായ ജോയല്‍ സാമാന്യം വലിയ മീനാണെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

നിരവധി കസ്റ്റമേഴ്‌സ് ഉണ്ടായിരുന്ന ഹാക്കറായ ജോയല്‍ കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളിയാകുന്നത് കൂടുതല്‍ കസ്റ്റമേഴ്‌സിനെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ്. പരസ്യത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ ജോയല്‍ കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളിയായി. ഇതോടെയാണ് പോലീസിന് വിവരം നല്‍കിയതും അറസ്റ്റിലേക്ക് കടക്കുന്നകും.

ഹൈദരാബാദിലുള്ള ഒരു ഏജന്‍സിക്ക് വേണ്ടി ഡിറ്റക്ടീവ് ജോലി ചെയ്തുവരികയായിരുന്നു ജോയല്‍. ഇവര്‍ക്ക് ചിലരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തിരുന്നു. പണംമുടക്കാന്‍ തയ്യാറാണെങ്കില്‍ ആര്‍ക്കുവേണമെങ്കിലും ആരുടെയും ലൈവ് ലൊക്കേഷന്‍, കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കാമെന്ന് ഇയാള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരസ്യം ചെയ്തത്. ഇങ്ങനെ വിവരങ്ങള്‍ നല്‍കാമെന്ന് പറയുന്ന വീഡിയോ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഹൈദരാബാദിലെ സ്വകാര്യ ഏജന്‍സിക്ക് വേണ്ടി ജോലി ചെയ്യുന്നതിനൊപ്പം ചില സ്വകാര്യ വ്യക്തികള്‍ക്കായി മറ്റ് ചിലരുടെ വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തി നല്‍കിയിരുന്നുവെന്നും പൊലീസ് പറയുന്നു. ആര്‍ക്കൊക്കെ വേണ്ടി ആരുടെയൊക്കെ വിവരങ്ങളാണ് ഇയാള്‍ ചോര്‍ത്തി നല്‍കിയതെന്ന് അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളും ജോയലിനെ ചോദ്യംചെയ്തേക്കും. തങ്ങളുടെ കാമുകിമാരുടെ കോള്‍ വിവരങ്ങളും ലൊക്കേഷനുമുള്‍പ്പെടെ ലഭിക്കാന്‍ ചില യുവാക്കള്‍ ഇയാള്‍ക്ക് പണം നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം പരിശോധിച്ച് വരികയാണ്.

ജോയല്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചതിന്റെ വീഡിയോകള്‍ അടക്കം അന്വേഷണം ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഫോണ്‍ കാള്‍ രേഖകളും മറ്റ് ലൊക്കേഷന്‍ വിവരങ്ങളും ചോര്‍ത്തി നല്‍കുന്നത് സംബന്ധിച്ച സുപ്രധാനമായ വീഡിയോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏത് രാജ്യത്തുള്ള ആളുടെ വിവരങ്ങളും നിഷ്പ്രയാസം ചോര്‍ത്തി നല്‍കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.

വീഡിയോ കോള്‍ ചെയ്യുന്ന ആളുടെ കൃത്യസ്ഥലവും മുറിയുടെ ചിത്രം വരെ ഹാക്ക് ചെയ്‌തെടുക്കും. ഹാക്കിംഗ് രംഗത്തെ അതികായരെ പോലും ഞെട്ടിക്കുന്ന സാങ്കേതിക വിദ്യകളാണ് ജോയലിനുള്ളതെന്ന് പോലീസ് പറയുന്നു. ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ഹാക്കിംഗ് സേവനങ്ങള്‍ക്കായി ഇയാള്‍ പരസ്യം നല്‍കിയിരുന്നത്. കസ്റ്റമേഴ്സിന് ആവശ്യമുള്ളതെല്ലാം ചോര്‍ത്തി നല്‍കും. ഇങ്ങനെ തന്റെ കഴിവുകള്‍ സമൃദ്ധമായി വിനിയോഗിച്ച് വിളയാടുന്നതിനിടയാണ് കേന്ദ്ര ഏജന്‍സിയുടെ നിരീക്ഷണത്തില്‍ വരുന്നത്.

വിവരം കിട്ടിയ ഉടന്‍ പത്തനംതിട്ട പോലീസ് സമയം പാഴാക്കാതെ ആളെ വലയിലാക്കി. അടൂര്‍ കോട്ടമുകളിലെ വീട്ടില്‍ നിന്ന് ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ കാരണം സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയിലേക്ക് അടക്കം അന്വേഷണം നീളാന്‍ സാധ്യതയുണ്ട്. അന്വേഷണ വിവരങ്ങള്‍ പുറത്തുപോകരുതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വ്യക്തികളുടെ സി.ഡി.ആര്‍, ലൈവ് ലൊക്കേഷന്‍ അടക്കം ഇയാള്‍ ചോര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ വ്യാപ്തി ഗൗരവമേറിയതാണെന്നാണ് വിവരം. ഇത് സംബന്ധിച്ച് സൈബര്‍ സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റകൃത്യം ഗൗരവമേറിയതാണെന്നും എന്‍ഐഎ അടക്കം അന്വേഷണത്തിനെത്തുമെന്നുമാണ് വിവരം. ഐ.ബി ഉദ്യോഗസ്ഥര്‍ അടക്കം അന്വേഷണം നടത്തുന്നുണ്ട്. വെറും സിഡിആര്‍ ചോര്‍ത്തല്‍ മാത്രമല്ല ഉണ്ടായിട്ടുള്ളതെന്നതാണ് സംശയം. ഇതു തന്നെയാണ് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.

ഇയാള്‍ ഉപയോഗിക്കുന്ന ലാപ്ടോപ്പ്, മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. കമ്പ്യൂട്ടര്‍ സുരക്ഷാ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വ്യക്തിഗത നേട്ടത്തിന് ഉപയോഗിച്ചുവെന്നതാണ് കുറ്റം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2000 ലെ സെക്ഷന്‍ 43 ആര്‍/ഡബ്യൂ 66, 72 എന്നിവയാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ജോയലിന്റെ ഹാക്കിംഗിന്റെ വ്യാപ്തിയാണ് ഇപ്പോള്‍ പോലീസ് വിശദമായി അന്വേഷിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇയാള്‍ക്ക് പങ്കാളിത്തമുണ്ടോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്. അന്വേഷണം വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്.

Tags:    

Similar News