കൗമാര കാലത്തില്‍ തന്നെ കൊടും ക്രിമിനല്‍; 33 വയസ്സിനിടെ അഞ്ചോളം കൊലക്കേസുകളില്‍ പ്രതി; ഒരു സ്ഥലത്ത് ലുങ്കിയെങ്കില്‍ മറ്റൊരിടത്തു പ്രത്യക്ഷപ്പെടുന്നത് ജീന്‍സും കൂളിങ് ഗ്ലാസും ധരിച്ച്; വേഷം മാറുന്നതില്‍ അതിവിദഗ്ധന്‍; പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട ബാലമുരുകന്‍ സാക്ഷി പറഞ്ഞ സ്ത്രീയെയും ക്രൂരമായി വകവരുത്തിയ കൊടും ക്രിമിനല്‍

കൗമാര കാലത്തില്‍ തന്നെ കൊടും ക്രിമിനല്‍

Update: 2025-11-04 01:30 GMT

തൃശൂര്‍: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയില്‍നിന്നു കടന്നു കളഞ്ഞ സംഭവം നാടിനെ നടുക്കുന്നതാണ്. തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്നുമാണ് ബാലമുരുകന്‍ രക്ഷപെട്ടത്. ഇയാളെ ശരിക്കും ഭയക്കണമെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. കാരണം ചെറുപ്പത്തില്‍ തന്നെ കൊടും ക്രിമിനലായ ആളാണ് ഇയാള്‍.

പേര് ബാലമുരുകനെന്നാണെങ്കിലും കയ്യിലിരുപ്പ് കൊടും ക്രിമിനലിന്റേതായിരുന്നു. ചെറുപ്പത്തില്‍ തന്നെ മോഷണവും പിടിച്ചുപറിയും തുടങ്ങിയ ഇയാള്‍ വൈകാതെ കൊലപാതകങ്ങളും നടത്തി. ഇടക്കാലം കൊണ്ട് ഗുണ്ടാ നേതാവായി തന്നെ വളര്‍ന്നിരുന്നു ബാലമുരുകന്‍. 33 വയസ്സിനിടെ അഞ്ചോളം കൊലക്കേസുകളിലാണ് ഇയാള്‍ പ്രതിയായത്.

വേഷം മാറുന്നതില്‍ വിദഗ്ധനാണെന്ന് പൊലീസ് പറയുന്നു. ഒരു സ്ഥലത്ത് ലുങ്കിയാണ് വേഷമെങ്കില്‍ മറ്റൊരിടത്തു പ്രത്യക്ഷപ്പെടുന്നത് ജീന്‍സും കൂളിങ് ഗ്ലാസും ധരിച്ചായിരിക്കും. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ കടയം രാമനദി ഗ്രാമത്തിലാണ് ബാലമുരുകന്റെ ജനനം. വര്‍ഷങ്ങളോളം തമിഴ്‌നാട്ടില്‍ ഗുണ്ടാ സംഘത്തലവനായി പ്രവര്‍ത്തിച്ചു. ഇയാള്‍ക്കായി തമിഴ്‌നാട്ടില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ബാലമുരുകന്‍ കേരളത്തിലേക്കു കടന്നത്.

മറയൂരിലെ മോഷണത്തിനിടെയാണ് പിടിയിലായത്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി വകവരുത്തിയ കേസുമുണ്ട്. പകവെച്ച ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ബാലമുരുകുന്‍ ജയിലിലും പ്രശ്‌നക്കാരനായിരുന്നു. അതുകൊണ്ട് ഇയാളെ വിയ്യൂരിലെ അതിസൂരക്ഷാ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. 53 കേസുകളില്‍ പ്രതിയായതിനാല്‍ പലകേസുകളും തമിഴ്‌നാട്ടിലാണ് നടക്കുന്നത്. അവിടേക്ക് ഇടക്കിടെ ഇയാളെ വിചാരണക്കും മറ്റുമായി കൊണ്ടുപോകാറുണ്ടായിരുന്നു. ഇങ്ങനെയുള്ള യാത്രയാണ ബാലമുരുകന്‍ വീണ്ടും ജയില്‍ചാട്ടത്തിന് അവസരമാക്കിയത്.

വിയ്യൂര്‍ ജയിലിനു സമീപത്തുനിന്ന് തമിഴ്‌നാട് പോലീസിനെ വെട്ടിച്ചാണ് ബാലമുരുകന്‍ കടന്നു കളഞ്ഞത്. ഇന്നലെ രാത്രിയിലാണ് സംഭവം. തമിഴ്‌നാട്ടില്‍ തെളിവെടുപ്പിനുശേഷം വിയ്യൂരിലേക്ക് കൊണ്ടുവരികയായിരുന്നു. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ പുറത്തിറക്കി. 3 പൊലീസുകാര്‍ ഒപ്പമുണ്ടായിരുന്നു. ഇവരെ തള്ളിമാറ്റി ഓടുകയായിരുന്നു. ജയില്‍ മതിലിനോട് ചേര്‍ന്ന് പച്ചക്കറികള്‍ കൃഷി ചെയ്യുന്ന സ്ഥലത്തേക്കാണ് ഓടിയത്. തൃശൂര്‍ നഗരത്തില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷവും വിയ്യൂര്‍ ജയിലിനു മുന്നില്‍നിന്ന് ബാലമുരുകന്‍ രക്ഷപ്പെട്ടിരുന്നു. തമിഴ്‌നാട്ടില്‍ തെളിവെടുപ്പിനുശേഷം വിയ്യൂരില്‍ എത്തിച്ചപ്പോള്‍ ഉദ്യോഗസ്ഥരെ തള്ളി മാറ്റി രക്ഷപ്പെടുകയായിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കൊലപാതകം, മോഷണം ഉള്‍പ്പെടെ 53 കേസുകളില്‍ പ്രതിയാണ് ബാലമുരുകന്‍. 2023 സെപ്റ്റംബര്‍ 24 മുതല്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഇയാള്‍. പൊലീസിനെ ആക്രമിച്ച് നേരത്തെയും ജയില്‍ ചാടിയിട്ടുണ്ട്.

Tags:    

Similar News