ശബരിമലയിലെ കട്ടിളപ്പാളി കൊണ്ടുപോകുമ്പോള്‍ താന്‍ കമ്മിഷണറായിരുന്നില്ല; അതൊക്കെ തിരുവാഭരണം കമ്മിഷണറുടെ അധികാരത്തിലുള്ള കാര്യങ്ങളാണ്; സ്വര്‍ണ്ണക്കൊള്ളയില്‍ കൈകഴുകാന്‍ എന്‍ വാസുവിന്റെ മൊഴി ഇങ്ങനെ; എന്‍ പത്മകുമാറില്‍ നിന്നും എസ്.ഐ.ടി മൊഴിയെടുക്കും; കോടതി മേല്‍നോട്ടത്തിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമ്പോള്‍ നെഞ്ചിടിച്ച് സിപിഎം
ശബരിമലയിലെ കട്ടിളപ്പാളി കൊണ്ടുപോകുമ്പോള്‍ താന്‍ കമ്മിഷണറായിരുന്നില്ല
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ദേവസ്വംബോര്‍ഡ് ഉന്നതരിലേക്ക് എത്തുമ്പോള്‍ സിപിഎം പ്രതിസന്ധിയില്‍. അന്വേഷണതതിന്റെ ഓരോ ഘട്ടങ്ങളും ഹൈക്കോടതിയെ ബോധിപ്പിച്ചു കൊണ്ടാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ അന്വേഷണം പുരോഗമിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് സിപിഎമ്മും സര്‍ക്കാറും തന്നെയാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എന്‍.വാസുവിനെ എസ്.പി ശശിധരന്‍ ചോദ്യംചെയ്തു. അടുത്ത ഘട്ടത്തില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരുന്ന എന്‍ പത്മകുമാറിനെയും ചോദ്യം ചെയ്യും. ഇതോടെ അന്വേഷണം മുറുകുകയാണ്.
അറസ്റ്റിലായ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ സുധീഷ് കുമാറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാസുവിനെ ചോദ്യം ചെയ്തത്. സ്വര്‍ണക്കൊള്ളയില്‍ ബന്ധമില്ലെന്നാണ് എന്‍.വാസുവിന്റെ മൊഴി. സ്വര്‍ണം പൂശാന്‍ ശുപാര്‍ശചെയ്തുകൊണ്ട് എക്‌സിക്യുട്ടീവ് ഓഫീസര്‍ നല്‍കിയ കത്ത് ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തത്. തുടര്‍ നടപടികളെടുക്കേണ്ടത് തിരുവാഭരണം കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കട്ടിള കൊണ്ടുപോകുമ്പോള്‍ താന്‍ കമ്മിഷണറായിരുന്നില്ല. 2019മാര്‍ച്ചില്‍ വിരമിച്ചു. സ്വര്‍ണം പൊതിയാന്‍ പാളികള്‍ നല്‍കിയതില്‍ ദേവസ്വം കമ്മിഷണര്‍ക്ക് പങ്കില്ല. തിരുവാഭരണം കമ്മിഷണറുടെ അധികാരത്തിലുള്ള കാര്യങ്ങളാണ്. ദേവസ്വം സ്മിത്തടക്കം പരിശോധിച്ച് സ്വര്‍ണമാണോ ചെമ്പാണോയെന്ന് പരിശോധിച്ചുറപ്പിച്ച് മഹസര്‍ തയ്യാറാക്കിയാണ് പാളികള്‍ കൊണ്ടുപോയത്.
ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാളികള്‍ നല്‍കിയതെന്നും വാസു മൊഴിനല്‍കി.വാസുവിനടക്കം ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണം പൂശിയശേഷം ബാക്കിയായ സ്വര്‍ണം സാധുവായ പെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി ബോര്‍ഡ് പ്രസിഡന്റായിരുന്ന വാസുവിന് പോറ്റി, ഇ-മെയില്‍ അയച്ചിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. പ്രസിഡന്റിന്റെ അനുമതിയല്ല, ഉപദേശം തേടിയാണ് ഇ-മെയില്‍ അയച്ചതെന്നും സന്നിധാനത്തെ സ്വര്‍ണമാണിതെന്ന് കരുതിയിരുന്നില്ലെന്നുമാണ് വാസുവിന്റെ മൊഴി.
പോറ്റിയുടെ ചെലവില്‍ സ്വര്‍ണം പൂശാനാണ് ബോര്‍ഡുമായുള്ള കരാര്‍. ആ സ്വര്‍ണത്തിന്റെ ബാക്കി എന്തു ചെയ്യണമെന്നു ചോദിച്ചതായാണ് കരുതിയത്. ഇ-മെയില്‍ പ്രിന്റെടുത്ത് അതിനു മുകളില്‍ 'തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെയും അഭിപ്രായം വാങ്ങുക' എന്ന് എഴുതി തിരിച്ചു നല്‍കി. ഇതില്‍ എന്ത് നടപടിയുണ്ടായെന്ന് അറിയില്ല- വാസു വ്യക്തമാക്കി.
സ്വര്‍ണപ്പാളി ചെമ്പുപാളിയെന്നു റിപ്പോര്‍ട്ട് നല്‍കിയത് സുധീഷ്‌കുമാര്‍ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായിരിക്കെയാണ്. എ. പത്മകുമാര്‍ ബോര്‍ഡ് പ്രസിഡന്റായിരിക്കെ കമ്മിഷണറായിരുന്ന വാസു പിന്നീട് പ്രസിഡന്റുമായി. പത്മകുമാറിന്റെ ഭരണകാലത്ത് എക്സിക്യുട്ടീവ് ഓഫീസറായിരുന്നു സുധീഷ്‌കുമാര്‍. വാസു പ്രസിഡന്റായപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയുമായി. കട്ടിളപ്പാളിക്കേസില്‍ പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡ് പ്രതിപ്പട്ടികയിലുണ്ട്.
തിരുവാഭരണം കമ്മിഷണറും കൊല്ലം ചവറ സ്വദേശിയുമായ കെ.എസ്. ബൈജുവിനെ ഉടന്‍ ചോദ്യംചെയ്യും. സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികളെന്നെഴുതിയതാണ് ബൈജുവിനെതിരേയുള്ള കുറ്റം. തിങ്കളാഴ്ച ദേവസ്വം ആസ്ഥാനത്തെ ഒരു അസിസ്റ്റന്റ് എന്‍ജിനിയറെക്കൂടി വിളിപ്പിച്ച് വിവരം ശേഖരിച്ചു. ചോദ്യംചെയ്യാന്‍ ദേവസ്വം ബോര്‍ഡിലെ മറ്റുദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്‍കിയതായാണ് വിവരം.
അതിനിടെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് എഴുതിയത് 2019 മാര്‍ച്ച് 19ന് അന്നത്തെ ദേവസ്വം കമ്മിഷണറുടെ ശുപാര്‍ശയിലെന്ന് അന്വേഷണ സംഘം കണ്ടെത്തി. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ.പത്മകുമാര്‍ പ്രസിഡന്റായ അന്നത്തെ ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് കട്ടിളപ്പാളി പുറത്തു കൊണ്ടുപോയതെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി അപേക്ഷയില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. പിന്നീട് ബോര്‍ഡ് പ്രസിഡന്റായ എന്‍.വാസുവായിരുന്നു 2019 മാര്‍ച്ച് 31 വരെ ദേവസ്വം കമ്മിഷണര്‍ കേസുകളിലെ പ്രതിയായ സുധീഷ് കുമാര്‍ വാസുവിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റുമായിരുന്നു. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളിക്ക് 42.100 കിലോ ഭാരമുണ്ടായിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് ഇതില്‍ നിന്ന് 409 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചു.
ഇതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാതെ ഹൈക്കോടതി. സെഷന്‍സ് കോടതിയെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ തക്ക അസാധാരണ സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കെ. ബാബു ഹര്‍ജി നിരസിച്ചത്. ഹര്‍ജിക്കാരിക്ക് ബന്ധപ്പെട്ട സെഷന്‍സ് കോടതിയെ സമീപിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി. കേസില്‍ നാലാം പ്രതിയാണ് ജയശ്രീ. 2019 ജൂലായിലെ ദേവസ്വം ബോര്‍ഡ് തീരുമാനത്തില്‍ ഉത്തരവിറക്കുക മാത്രമാണ് ചെയ്തതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റാന്നി മജിസ്‌ട്രേട്ട് കോടതി ഈ മാസം 10 വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഒന്നാം പ്രതിയാണ് പോറ്റി. ഇന്നലെ രാവിലെ 11.45നാണ് കോടതിയിലെത്തിച്ചത്.കസ്റ്റഡിയെ പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കോടതി പരിഗണിച്ചില്ല. കോടതിയിലെ മറ്റെല്ലാവരെയും പുറത്തിറക്കി നടപടികള്‍ വീഡിയോയില്‍ ചിത്രീകരിച്ചു .
ദേവസ്വത്തിന്റെ സ്വര്‍ണം ജീവനക്കാരുടെ സഹായത്തോടെ ഉണ്ണികൃഷ്ണന്‍പോറ്റി കടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2004 മുതല്‍ നാല് വര്‍ഷം കീഴ്ശാന്തിയുടെ പരികര്‍മിയായി ജോലിചെയ്ത പോറ്റിക്ക് 1998ല്‍ ശില്‍പങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞ വിവരം അറിയാമായിരുന്നു. ചട്ടവിരുദ്ധമായി ഇവ ചെന്നൈയിലേക്ക് കടത്തുകയും സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്തു.. ദ്വാരപാലക ശില്‍പ പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലായിരുന്നു പോറ്റിയെ നേരത്തെ അറസ്റ്റുചെയ്തത്. പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ഉന്നതരെ പിടികൂടുമെന്നാണ് സൂചന. സംശയനിഴലിലുള്ള കല്‍പ്പേഷ്, ഗോവര്‍ദ്ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍ സി.ഇ.ഒ പങ്കജ് ഭണ്ഡാരി എന്നിവരെ വീണ്ടും ചോദ്യംചെയ്യും.
