ഇറിഡിയം തട്ടിപ്പിൽ കോട്ടയത്ത് മുങ്ങിയത് 200 കോടി; ആർബിഐയുടെ വ്യാജരേഖ കാട്ടി വിശ്വാസ്യത നേടിയെടുത്തു; ആഡംബര റിസോർട്ടിലെ കളിയിൽ വീണത് ഇരുന്നൂറോളം പേർ; നോട്ടെണ്ണൽ യന്ത്രം വാങ്ങി കാത്തിരുന്നവർ വീണത് ചതിക്കുഴിയിൽ; പോലീസുകാരന് ഐഫോൺ വാങ്ങാനും പണം പിരിവ്; ആ തട്ടിപ്പ് ഇങ്ങനെ
കോട്ടയം: ഇറിഡിയം വ്യവസായത്തിൽ കോടികൾ ലാഭം വാഗ്ദാനം ചെയ്ത് റിസർവ് ബാങ്കിന്റെ വ്യാജ കത്ത് കാണിച്ച് നടത്തിയ തട്ടിപ്പിൽ കോട്ടയം ജില്ലയിൽ മാത്രം തട്ടിപ്പിനിരയായത് 200-ലേറെ പേർ. ഇവർക്ക് 200 കോടി രൂപയിലേറെ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. ഒരു ലക്ഷം രൂപ മുടക്കിയാൽ ഒരു കോടി രൂപ ലാഭം ലഭിക്കുമെന്ന വാഗ്ദാനം നൽകിയാണ് തട്ടിപ്പ് സംഘം നൂറുകണക്കിന് ആളുകളെ കബളിപ്പിച്ചത്.
തട്ടിപ്പിനിരയായവരിൽ ഒരാളായ കോട്ടയം സ്വദേശിനിക്ക് 50 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. വിദേശത്തുനിന്ന് തിരിച്ചെത്തി സമൂഹസേവനത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തുന്ന പൊതിച്ചോർ വിതരണം ചെയ്യുമ്പോഴാണ് കോട്ടയം സ്വദേശിനിയെ, തട്ടിപ്പുസംഘത്തിലെ കൊല്ലം സ്വദേശിയെ പരിചയപ്പെടുന്നത്. ഇയാളാണ് തട്ടിപ്പുകാരുടെ പ്രധാന ഇടനിലക്കാരനായ ഹരിപ്പാട് സ്വദേശിയുമായി അടുപ്പിച്ചത്. ആദ്യം അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയ സംഘം, പിന്നീട് പല തവണകളിലായി 30 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ലാഭമായി ലഭിക്കുന്ന കോടികൾ പിൻവലിക്കുന്നതിനുള്ള നികുതി അടയ്ക്കാനെന്ന വ്യാജേനയും പണം വാങ്ങി.
തുടർന്ന്, പണമില്ലാതെ വന്നപ്പോൾ 20 പവൻ സ്വർണവും ഇവർക്ക് നഷ്ടമായി. ഇരകൾ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, തുക നൽകാമെന്ന് വിശ്വസിപ്പിച്ച് ദുബായ്, മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവരെ പലതവണ വിളിപ്പിച്ചു. കോട്ടയം സ്വദേശിനിയെ മാത്രം ഒൻപത് തവണയാണ് ചെന്നൈയിൽ വിളിച്ചുവരുത്തിയത്. എന്നാൽ, എല്ലാ തവണയും വെറുംകൈയോടെയാണ് ഇവരെ തിരിച്ചയച്ചത്. ലഭിക്കുന്ന കോടികൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി നോട്ടെണ്ണൽ യന്ത്രങ്ങൾ വാങ്ങാൻ തട്ടിപ്പ് സംഘം ഇരകളോട് ആവശ്യപ്പെടുകയും, അതിനുള്ള പണം ഈടാക്കി മാസങ്ങൾക്ക് മുമ്പ് കോട്ടയത്തെ ഒരു ലോഡ്ജിൽ യോഗം വിളിച്ച് യന്ത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
മാസങ്ങൾ കാത്തിരുന്നിട്ടും യന്ത്രം മാത്രം ലഭിക്കുകയും, പണം കിട്ടിയതുമില്ല. 'റോയൽ ബാങ്ക് ഓഫ് കാനഡയിൽനിന്ന് രാജമാണിക്യം എന്നയാളുടെ പേരിൽ 96,000 കോടി രൂപ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും, ഈ തുക ഉടമയ്ക്ക് നൽകാൻ തീരുമാനമായെന്നും' റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലെറ്റർ പാഡിൽ വ്യാജ കത്ത് തയ്യാറാക്കിയാണ് സംഘം ഇരകളെ വലയിലാക്കിയത്. 2014 മുതൽ 2021 വരെയുള്ള തുകയാണിതെന്ന വ്യാജരേഖയിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പും സീലും പതിപ്പിച്ചിരുന്നു.
കുമരകത്തെ ആഡംബര റിസോർട്ടിൽ വെച്ച് നടന്ന ഇടപാടുകാരുടെ യോഗമാണ് തട്ടിപ്പിന്റെ പ്രധാന വേദിയായത്. സംഘത്തലവൻ അഹമ്മദ് ഷായും രാജമാണിക്യവും യോഗത്തിനെത്തിയിരുന്നു. ഇതിനിടെ സുരക്ഷയ്ക്കായി എത്തിയ കുമരകം സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ് സംഘം തങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ ആയുധമാക്കിയത്.
മുതിർന്ന ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം റിസോർട്ടിലെത്തിയ പോലീസുകാരെ ഇരുവശത്തും നിർത്തി അഹമ്മദ് ഷായും സംഘവും ഫോട്ടോയെടുത്തു. ഈ ചിത്രങ്ങൾ പിന്നീട് 'പോലീസ് സംരക്ഷണം ഞങ്ങൾക്കുണ്ട്' എന്ന് കാണിക്കാൻ ഇരകൾക്ക് വിതരണം ചെയ്യുകയായിരുന്നു. അതിനിടെ, സുരക്ഷയ്ക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥന് ഐഫോൺ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടും തട്ടിപ്പുകാർ യോഗത്തിൽ പങ്കെടുത്തവരിൽനിന്ന് പണം പിരിച്ചതായാണ് വിവരം.
