പ്രശ്‌ന പരിഹാരത്തിന് ഇടയ്ക്കിടെ പൂജാരിയുടെ വീട്ടില്‍ വന്ന യുവതി 12 ലക്ഷത്തിന്റെ സ്വര്‍ണാഭരണം അടിച്ചുമാറ്റി; മോഷ്ടിച്ചത് പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങള്‍; സ്വര്‍ണംവിറ്റ പണം കൊണ്ട് പുതിയ സ്വര്‍ണാഭരണങ്ങളും വീട്ടുപകരങ്ങളും വാങ്ങി; ആര്‍ഭാട ജീവിതത്തിനിടെ പോലീസ് വലയില്‍
പ്രശ്‌ന പരിഹാരത്തിന് ഇടയ്ക്കിടെ പൂജാരിയുടെ വീട്ടില്‍ വന്ന യുവതി 12 ലക്ഷത്തിന്റെ സ്വര്‍ണാഭരണം അടിച്ചുമാറ്റി
തൃശൂര്‍: പൂജാരിയുടെ പക്കല്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ച യുവതി പിടിയില്‍. പ്രശ്‌ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടില്‍ ഇടയ്ക്കിടെ എത്തിയ യുവതി 12 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂര്‍ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടില്‍ പ്രശ്‌ന പരിഹാരത്തിനായി എത്തിയ പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പില്‍ വീട്ടില്‍ സൂര്യ (26) ആണ് മോഷണം നടത്തിയത്. യുവതിയെ തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം. പൂജാരിയുടെ വീട്ടിലെ ബെഡ്‌റൂമിലെ അലമാരക്കുള്ളില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വില വരുന്നതുമായ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. യുവതി പ്രശ്‌നപരിഹാരത്തിനായി ഇടയ്ക്കിടെ പൂജാരിയുടെ വീട്ടില്‍ വരാറുണ്ട്. ഈ പരിചയം മുതലാക്കിയാണ് പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് യുവതി തന്ത്രപൂര്‍വം അലമാരയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ അടിച്ചുമാറ്റി മുങ്ങിയത്.
പിന്നീട് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കൊടകരയിലെ ഫിനാന്‍സ് കമ്പനിയില്‍ വിറ്റു. കിട്ടിയ പണം കൊണ്ട് പ്രതി പുതിയ സ്വര്‍ണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തില്‍ ആയിരുന്ന സ്വന്തം ആഭരണങ്ങള്‍ തിരിച്ചെടുത്തു. ആര്‍ഭാട ജീവിതം നയിക്കുന്നതിനിടെയാണ് പോലീസിന്റെ വലയിലായത്.
കൊടകര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജെര്‍ലിന്‍ വി സ്‌കറിയ, സബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണ പ്രസാദ്, സുരേഷ് ഇ എ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഷീബ അശോകന്‍, ഷൈജി കെ ആന്റണി, ആഷ്‌ലിന്‍ ജോണ്‍, ജിഎസ് സിപിഒ ഡെനിന്‍ കെജെ, അഭിലാഷ് എം എം എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.