വിജയ്‌യുടെ റാലിയില്‍ വീണ്ടും അപകടം; ബൈക്കുകള്‍ പൊലീസ് വാഹനത്തിലിടിച്ച് രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്; ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Update: 2026-03-04 09:36 GMT

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിയിലുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ വിഘ്നേഷ് എന്ന വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്. വിജയിയുടെ വാഹനത്തെ പിന്തുടര്‍ന്ന ബൈക്കുകള്‍ പൊലീസ് വാഹനത്തിലിടിച്ചാണ് അപകടം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കില്‍നിന്ന് വീണ പി. വിഘ്‌നേഷിന് ഗുരുതര പരിക്കേറ്റു. ഡിഗ്രി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് വിഘ്‌നേഷ്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുച്ചിയില്‍ നിന്ന് തഞ്ചാവൂരിലെ ചെങ്കിപ്പട്ടിയിലേക്ക് ഒരു പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ടിവികെ നേതാവ്. എന്നാല്‍, ആവേശഭരിതരായ ആരാധകര്‍ ഇരുചക്രവാഹനങ്ങളില്‍ അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടരാന്‍ തുടങ്ങിയതോടെ യാത്ര താറുമാറാവുകയായിരുന്നു. മറ്റൊരു യുവാവിന്റെ കാല്‍ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.

കരൂരിലെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അപകടമുണ്ടായത്. വിജയ്‌യുടെ വാഹനത്തെ പിന്തുടരാന്‍ ശ്രമിക്കുന്നതിനിടെ ബാരിക്കേഡ് അടക്കം മറിച്ചിട്ട് ആളുകള്‍ ഓടുകയായരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ആളുകള്‍ തിക്കും തിരക്കമുണ്ടാക്കി ബാരിക്കേഡ് അടക്കം ചാടി കടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് ഏറെ പണിപ്പെട്ടാണ് ആളുകള നിയന്ത്രിച്ചത്.

സെപ്റ്റംബര്‍ 27 ന് കരൂരില്‍ വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലും 41 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 60 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 10ലധികം കുട്ടികളും നിരവധി സ്ത്രീകളും ഉള്‍പ്പെടും. വന്‍ തോതില്‍ വിമര്‍ശനമാണ് ടിവികെയ്‌ക്കെതിരേ ഉയരുന്നത്.

Tags:    

Similar News