ഖമേനിയെ വിമര്‍ശിച്ചതിന് എക്‌സ് മുസ്ലിം ആരിഫ് ഹുസൈന്റെ തലവെട്ടി പ്രദര്‍ശിപ്പിക്കുമെന്ന ഭീഷണി സന്ദേശം: ഹുസൈന്‍ അലി എന്നയാള്‍ക്കെതിരെ കേസെടുത്തു പോലീസ്; ആരിഫ് നല്‍കിയ പരാതിയിലും ജോലി ചെയ്യുന്ന സ്ഥാപനം നല്‍കിയ പരാതിയിലും കേസെടുത്തത്, തൃക്കാക്കര, എടത്തല പോലീസ് സ്റ്റേഷനുകളില്‍

ഖമേനിയെ വിമര്‍ശിച്ചതിന് എക്‌സ് മുസ്ലിം ആരിഫ് ഹുസൈന്റെ തലവെട്ടി പ്രദര്‍ശിപ്പിക്കുമെന്ന ഭീഷണി സന്ദേശം

Update: 2026-03-04 05:07 GMT

കൊച്ചി: ഇസ്ലാം മത വിമര്‍ശകനും എക്‌സ് മുസ്ലിമുമായ ഡോ. ആരിഫ് ഹുസൈനു വധഭീഷണി ഉയര്‍ന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. ആരിഫ് ഹുസൈന്റെ പരാതിയിലും അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനംനല്‍കിയ പരാതിയുമാണ് കേസെടുത്തത്. ഹുസൈന്‍ അലി എന്നയാള്‍ക്കെതിരെയാണ് തൃക്കാക്കര, എടത്തല പോലീസ് സ്റ്റേഷനുകളില്‍ കേസ് എടുത്തിരിക്കുന്നത്.

നാട്ടില്‍ കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടി പ്രകോപനം സൃഷ്ടിച്ചു കൊണ്ടാണ് ആരിഫ് ഹുസൈനെതിരെ വധഭീഷണി മുഴക്കിയതെന്ന് എഫ്‌ഐ.ആറില്‍ പറയുന്നു. കേരളാ സ്‌റ്റോറി സിനിമക്ക് അനുകൂലമായും മുസ്ലീം തീവ്രവാദത്തെ എതിര്‍ത്തുകൊണ്ടും അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്നതിനുമാണ് ഭീഷണി എത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇന്നലെയാണ് ആരിഫ് ഹുസൈന് ഇമെയിലായി വധഭീഷണി സന്ദേശം ലഭിച്ചത്. ആരിഫ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഹിന്ദിയിലും ഇംഗ്ലീഷിലുമായിട്ടാണ് സന്ദേശം എത്തിയത്.

ഡോ.ആരിഫ് ഹുസൈന്‍ ഞങ്ങള്‍ ഇന്ത്യയിലെ ശരിയ ഇസ്ലാമിക് പോരാളികള്‍ ശരിയ നിയമപ്രകാരം താങ്കള്‍ക്കു വധശിക്ഷ പ്രഖ്യാപിക്കുന്നു. അയത്തുള്ള അലി ഖമനയിയെ അധിക്ഷേപിച്ചു സംസാരിച്ചതിനാണ് ഈ ശിക്ഷ. ഞങ്ങളുടെ സൈബര്‍ ടീം നിങ്ങളുടെ കേരളത്തിലെ വിലാസവും വീടും കണ്ടെത്തിക്കഴിഞ്ഞു. ലക്‌നോയില്‍നിന്നും ഹൈദരാബാദില്‍നിന്നുമുള്ള ഞങ്ങളുടെ പോരാളികള്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞു. ഏറ്റവും മൃഗീയമായ രീതിയില്‍ ആക്രമിച്ച് നിന്നെ കൊല്ലും, തല വെട്ടിയെടുക്കും. നിന്റെ തല കേരളത്തിലെ പൊതുസമൂഹത്തിനു തുപ്പാനായി പൊതുസ്ഥലത്തു പ്രദര്‍ശിപ്പിക്കും... ഇതാണ് മെയിലില്‍ വന്ന സന്ദേശം.

മുഖ്യമന്ത്രിയെയും കേരള പോലീസിനെയും എന്‍ഐഎയും ടാഗ് ചെയ്തുകൊണ്ടാണ് ആരിഫ് ഹുസൈന്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 'ഷിയ ഇസ്ലാമിക് വാരിയേഴ്സ് ഓഫ് ഇന്ത്യ' എന്ന സംഘടനയുടെ പേരിലാണ് ഡോക്ടറുടെ ഇമെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഹുസൈന്‍ അലി എന്ന പേരിലുള്ള ഇമെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്.


അടുത്തിടെ ചാനല്‍ ചര്‍ച്ചകളിലൂടെ അടക്കം ആരിഫ് ഹുസൈന്‍ ഇറാനിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഖമനയിയുടെ നേതൃത്വത്തില്‍ ഇറാനില്‍ നടന്ന മോശമായ കാര്യങ്ങളെ കുറിച്ചു ആരിഫ് ഹുസൈന്‍ വിമര്‍ശിച്ചിരുന്നു. ഇതിനിടെയാണ് വധഭീഷണിയും എത്തിയിരിക്കുന്നത്.

Tags:    

Similar News