ഐഎസ്ആർഒ ശാസ്ത്രജ്ഞനെന്ന് പറഞ്ഞ് ടെക്കിയെ വീഴ്ത്തി; മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട 28കാരിയിൽ നിന്നും തട്ടിയത് 42 ലക്ഷം; പണവുമായി ഗോവയിലെ കാസിനോകളിൽ ആഡംബര ജീവിതം; പിടിയിലായ 36കാരൻ എൻജിനീയറായ യുവതിയെ കബളിപ്പിച്ച കേസിലും പ്രതി

Update: 2026-03-04 07:16 GMT

പുനെ: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞനെന്ന് ആൾമാറാട്ടം നടത്തി 28 കാരിയായ സോഫ്റ്റ്‌വെയർ എൻജിനീയറിൽ നിന്ന് 42.64 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. കേസിൽ അലിബാഗ് സ്വദേശിയായ ജയേഷ് പാട്ടീൽ (36) അറസ്റ്റിലായി. സമാനമായ മറ്റൊരു തട്ടിപ്പുകേസിൽ നിലവിൽ നവി മുംബൈ പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇയാളെ, മാർച്ച് നാലോടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പുണെയിലെ വാക്കഡ് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

കഴിഞ്ഞ നവംബറിലാണ് പുണെയിലെ ഒരു ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയുമായി പ്രതി മാട്രിമോണിയൽ സൈറ്റ് വഴി ബന്ധം സ്ഥാപിക്കുന്നത്. താൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞനാണെന്ന് പരിചയപ്പെടുത്തി യുവതിയുടെ വിശ്വാസം നേടിയ ഇയാൾ, ഉന്നത വിദ്യാഭ്യാസവും മാന്യമായ ജോലിയുമുണ്ടെന്ന് വിശ്വസിപ്പിച്ച് വിവാഹാഭ്യർത്ഥന നടത്തി. പുണെയിലെത്തി നേരിൽ കണ്ടുമുട്ടിയ ശേഷം വിവാഹശേഷം ഒരുമിച്ച് താമസിക്കാനുള്ള ഭൂമിയും വസ്തുവകകളും വാങ്ങാനെന്ന വ്യാജേനയാണ് പണം ആവശ്യപ്പെട്ടത്. നവംബർ മുതൽ ജനുവരി വരെയുള്ള മൂന്ന് മാസത്തിനിടെ പല ഘട്ടങ്ങളിലായി യുവതി 42.64 ലക്ഷം രൂപ കൈമാറുകയായിരുന്നു.

എന്നാൽ, ഇയാളുടെ ജോലിയെക്കുറിച്ച് സംശയം തോന്നിയ യുവതി നടത്തിയ അന്വേഷണത്തിൽ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞനാണെന്ന വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. തുടർന്ന് ഓൺലൈനായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ജയേഷ് പാട്ടീലിനെ അറസ്റ്റ് ചെയ്തത്. പ്രതി മുൻപും സമാനമായ രീതിയിൽ മറ്റൊരു വനിതാ എൻജിനീയറെ കബളിപ്പിച്ചതിന് പിടിയിലായിട്ടുള്ളതായും പൊലീസ് കണ്ടെത്തി. തട്ടിയെടുത്ത പണം ഉപയോഗിച്ച് ഗോവയിലെ കാസിനോകളിലും മറ്റും ഇയാൾ ആഡംബര ജീവിതം നയിക്കുകയായിരുന്നു.

തട്ടിപ്പിലൂടെ ലഭിച്ച തുകയിൽ 16.65 ലക്ഷം രൂപ മരവിപ്പിക്കാനും വീണ്ടെടുക്കാനും പൊലീസിന് സാധിച്ചിട്ടുണ്ട്. ബാക്കി 27 ലക്ഷം രൂപയ്ക്കായുള്ള അന്വേഷണം തുടരുകയാണ്. മാട്രിമോണിയൽ സൈറ്റുകളിലൂടെ പരിചയപ്പെടുന്നവരുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കണമെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 

Tags:    

Similar News