നൗഷേരയില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വധിച്ചു; വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു; തിരച്ചില്‍ തുടരുന്നു

രണ്ടു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

Update: 2024-09-09 06:17 GMT
നൗഷേരയില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വധിച്ചു; വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു; തിരച്ചില്‍ തുടരുന്നു
  • whatsapp icon

ജമ്മു: നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ നൗഷേര മേഖലയില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നു മേഖലയില്‍ പട്രോളിങ് ശക്തമാക്കിയിരുന്നു. ഇന്റലിജന്‍സ് ഏജന്‍സികളുടെയും ജമ്മു കശ്മീര്‍ പൊലീസിന്റെയും രഹസ്യവിവരങ്ങള്‍ പ്രകാരം തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സൈനിക നടപടി.

ഭീകരരില്‍നിന്നു രണ്ട് എകെ 47 തോക്കുകള്‍ ,പിസ്റ്റള്‍ ഉള്‍പ്പെടെ വലിയതോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. പ്രദേശത്തു തിരച്ചില്‍ പുരോഗമിക്കുകയാണെന്നും വൈറ്റ് നൈറ്റ് കോര്‍ യൂണിറ്റ് അറിയിച്ചു.

നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റ ശ്രമമാണ് ഇന്നലെ രാത്രി ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. രഹസ്യാന്വേഷണ ഏജന്‍സികളുടെയും ജമ്മു കശ്മീര്‍ പൊലീസിന്റെയും സഹായത്തോടെയായിരുന്നു ഓപ്പറേഷന്‍.

ഇതേ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളിലും ഏറ്റുമുട്ടല്‍ നടന്നിരുന്നു. തെരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ ഒരു സംഘം ഭീകരര്‍ സെപ്തംബര്‍ 3 ന് വെടിയുതിര്‍ത്തിരുന്നു. ഭീകരര്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഈ വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ആഗസ്ത് അവസാന വാരത്തില്‍ രജൗരിയില്‍ ലാത്തി മേഖലയില്‍ ഭീകരരുടെ ഒളിത്താവളം സൈന്യം ലക്ഷ്യമിട്ടപ്പോഴും ഏറ്റുമുട്ടല്‍ നടന്നു. ജൂലൈയില്‍ ഇതേ ജില്ലയിലെ ഗുന്ദ മേഖലയില്‍ സുരക്ഷാ പോസ്റ്റിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റിരുന്നു.

ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള നുഴഞ്ഞുകയറ്റ നീക്കങ്ങളെ അതീവ ജാഗ്രതയോടെ നേരിടുകയണ് സൈന്യം. സെപ്റ്റംബര്‍ 18, സെപ്റ്റംബര്‍ 25, ഒക്ടോബര്‍ 1 തിയതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ 4നാണ് വോട്ടെണ്ണല്‍.നൗഷേരയില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വധിച്ചു; വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു; തിരച്ചില്‍ തുടരുന്നു

Tags:    

Similar News