പരാതിയില്‍ പറയുന്ന കുറ്റം നിലനില്‍ക്കുമെന്ന് കോടതിയ്ക്ക് ബോധ്യമായി; ഇഡിക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് ഉടന്‍ നല്‍കും; അറസ്റ്റും അന്വേഷണവും അതിവേഗം പൂര്‍ത്തിയാക്കും; അഴിമതിയില്‍ സിബിഐ വന്നാല്‍ അച്ഛനേയും മകളേയും അറസ്റ്റു ചെയ്യാന്‍ സാധ്യത; കേന്ദ്ര ഏജന്‍സികളുടെ നീക്കം ഭയന്ന് വീണാ വിജയന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറി; മേടം പിറന്നാല്‍ കേരളം ഞെട്ടുമോ?

Update: 2025-04-13 04:09 GMT

കൊച്ചി: മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അധികം വൈകാതെ കുറ്റപത്രം ലഭിക്കും. കരിമണല്‍ കച്ചവടത്തിനു നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാന്‍ സിഎംആര്‍എല്‍ കമ്പനി (കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) വന്‍തുക ചെലവഴിച്ചെന്ന കേസില്‍ അന്വേഷണം നടത്തി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. ഈ സാഹചര്യത്തില്‍ കുറ്റപത്രം റദ്ദാക്കാനുള്ള നിയമ നടപടികളിലേക്ക് പ്രതികള്‍ കടക്കും. കുറ്റപത്രം സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഉന്നയിക്കും. ഇത് കോടതി നിരസിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ അടക്കം അറസ്റ്റിലാകും. മേട് ഒന്നിന് വിഷുവാണ്. അന്ന് കോടതി അവധി. അടുത്ത ദിവസം തന്നെ ഇഡിക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് കിട്ടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മേട മാസത്തിലെ ആദ്യ ആഴ്ചയില്‍ തന്നെ കേരളത്തെ ഞെട്ടിക്കുന്ന നീക്കങ്ങള്‍ ഇഡി നടത്തിയേക്കും.

എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഏഴില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രമാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് വേണമെന്ന ഇഡിയുടെ ആവശ്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകും. കുറ്റപത്രം കിട്ടിയതിന് പിന്നാലെ ഇഡി നടപടികളിലേക്കും കടക്കും. കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നാണയ വിനിമയ ചട്ട ലംഘനം എന്നിവ എസ്എഫ്‌ഐഒ കണ്ടെത്തിയാലും ഇ.ഡിക്കാണ് ഇത്തരം കേസുകളുടെ പ്രോസിക്യൂഷന്‍ ചുമതല. കേസില്‍ പിഎംഎല്‍എ, ഫെമ കുറ്റങ്ങള്‍ ചുമത്തുന്ന സാഹചര്യമുണ്ടായാല്‍ സിഎംആര്‍എല്‍ കമ്പനിയടക്കം പ്രതിപ്പട്ടികയിലുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇ.ഡിക്കു കടക്കാന്‍ കഴിയും. അറസ്റ്റിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ മകള്‍ അടക്കം അതിവേഗ നീക്കങ്ങള്‍ മുന്നില്‍ കണ്ട് പ്രതിരോധ നീക്കങ്ങള്‍ എടുത്തു കഴിഞ്ഞു. വീണ തല്‍കാലം സൂരക്ഷിത സ്ഥാനത്തേക്ക് മാറും.

പരാതിയില്‍ പറയുന്ന കുറ്റം നിലനില്‍ക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുറ്റപത്രം സ്വീകരിച്ചത്. സെഷന്‍സ് കേസാക്കി നമ്പര്‍ ഇടുകയാണ് അടുത്ത നടപടി. ശേഷം, ഒന്നാം പ്രതിയായ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത മുതല്‍ 11-ാം പ്രതിയായ മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണ വരെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയയ്ക്കും. ഇതില്‍ നാലു പ്രതികള്‍ നാല് കമ്പനികളാണ്. അടുത്ത ആഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ഉണ്ടാകും. ഇതിനൊപ്പം ഇഡിക്കും കുറ്റപത്ര പകര്‍പ്പ് നല്‍കും. എസ്എഫ്‌ഐഒ നല്‍കിയ കുറ്റപത്രത്തിന്റെ പകര്‍പ്പു ലഭിക്കാന്‍ ഇ.ഡി സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. എസ്എഫ്‌ഐഒയുടെ അഭിപ്രായം ആരാഞ്ഞിട്ടാവും പകര്‍പ്പ് ഇ.ഡിക്കു കൈമാറുക. ഇഡിക്ക് കുറ്റപത്രം നല്‍കുന്നതിനെ എസ് എഫ് ഐ ഒ എതിര്‍ക്കില്ല.

കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയും അവരുടെ കമ്പനിയായ എക്‌സാലോജിക് സൊലൂഷന്‍സും ചേര്‍ന്ന് 2.7 കോടി രൂപ കൈപ്പറ്റി സാമ്പത്തിക വഞ്ചന നടത്തിയെന്നാണ് എസ്എഫ്‌ഐഒ കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ നടപടിക്കു കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ്എഫ്‌ഐഒയ്ക്ക് അനുമതി നല്‍കിയിരുന്നു. കമ്പനിനിയമപ്രകാരം 6 മാസം മുതല്‍ 10 വര്‍ഷം വരെ തടവും വഞ്ചിച്ചുനേടിയ തുകയുടെ മൂന്നുമടങ്ങു വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു വീണ ചെയ്തതെന്നാണ് എസ്എഫ്‌ഐഒയുടെ കണ്ടെത്തല്‍. കേന്ദ്ര ധനകാര്യ വകുപ്പിന് കീഴിലാണ് ഇഡി. അതായത് എസ് എഫ് ഐ ഒയും ഇഡിയും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കീഴിലാണ്. അതുകൊണ്ട് തന്നെ ഏജന്‍സികളും തമ്മില്‍ ഏകോപനം കൂടുതലുമാണ്.

നല്‍കാത്ത സേവനത്തിനു സിഎംആര്‍എലില്‍നിന്നു വീണയും എക്‌സാലോജിക്കും പണം കൈപ്പറ്റിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ പരാതിയില്‍ എസ്എഫ്‌ഐഒ അന്വേഷിച്ചത്. സിഎംആര്‍എലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഈടും പലിശയുമില്ലാതെ 77 ലക്ഷം രൂപ എക്‌സാലോജിക്കിനു വായ്പ നല്‍കിയ കേസും നിലവിലുണ്ട്. ബെംഗളുരുവിലാണ് ഈ കേസ്. ഇതില്‍ തല്‍കാലം ഇഡി അന്വേഷണം ഉണ്ടാകില്ല. അതിനിടെ വീണയ്ക്ക് പണം നല്‍കിയത് അഴിമതിയാണെന്നും എസ് എഫ് ഐ ഒ അന്വേഷണ വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തില്‍ അഴിമതി അന്വേഷിക്കാന്‍ സിബിഐയും എത്തിയേക്കും. അങ്ങനെ സിബിഐ അന്വേഷണം എത്തിയാല്‍ അത് നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളും. ഈ ഘട്ടത്തില്‍ പിണറായിയേയും മകളേയും ഒരുമിച്ച് അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്.

Tags:    

Similar News