വീട്ടിലെ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് 30 ഓളം ഭൂമിയിടപാട് രേഖകള്‍; നാല് ലക്ഷം രൂപയും 29 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെടുത്തു; വിദേശത്തു നിന്നും എത്തിച്ച ഏഴു കുപ്പി മദ്യവും വിജിലന്‍സ് പിടിച്ചെടുത്തു; അലക്‌സ് മാത്യു സ്ഥിരം കൈക്കൂലിക്കാരന്‍; മുന്‍പും കൈക്കൂലി കൊടുത്തെന്ന് പരാതിക്കാരന്‍; അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം

വീട്ടിലെ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് 30 ഓളം ഭൂമിയിടപാട് രേഖകള്‍

Update: 2025-03-16 05:27 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യൂ അളവില്‍ കൂടുതല്‍ സ്വത്തുകള്‍ സമ്പാദിച്ചതായി വിജിലന്‍സ്. ഇതോടെ ഇയാളുടെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം നടക്കുന്നുണ്ട്. വിജിലന്‍സ് റെയ്ഡില്‍ അലക്‌സ് മാത്യു സ്ഥിരം കൈക്കൂലിക്കാരനാണ് എന്നതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

30 ഓളം ഭൂമിയിടപാട് രേഖകളാണ് അലക്‌സ് മാത്യുവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. കൂടാതെ നാല് ലക്ഷം രൂപയും വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. അലക്‌സ് മാത്യുവിന്റെ വീട്ടിലും പനമ്പിള്ളി നഗറിലെ ഓഫീസിലുമാണ് വിജിലന്‍സ് പരിശോധന നടന്നത്. ഡിജിഎം അലക്‌സ് മാത്യുവിന്റെ വീട്ടില്‍ നിന്ന് ഏഴ് ലിറ്റര്‍ വിദേശ മദ്യവും വിജിലന്‍സ് പിടിച്ചെടുത്തു. 29 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും കുറച്ചു പണവും വിജിലന്‍സ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

കൊല്ലത്തെ വൃന്ദാവനം ഇന്‍ഡേന്‍ സര്‍വീസ് ഉടമ മനോജ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അലക്‌സ് മാത്യുവിനെതിരെ നടപടി സ്വീകരിച്ചത്. അലക്‌സ് മാത്യുവിന്റെ കാറില്‍ നിന്ന് ഒരുലക്ഷം രൂപ കൂടി കണ്ടെത്തിയിരുന്നു. മറ്റൊരാളില്‍ നിന്നും അലക്‌സ് കൈക്കൂലി വാങ്ങിയതായും സംശയമുണ്ട്.

വൃന്ദാവനം ഇന്‍ഡേന്‍ സര്‍വീസ് ഏജന്‍സിയിലെ നിലവിലെ കസ്റ്റമേഴ്‌സിനെ മറ്റ് ഏജന്‍സികളിലേക്ക് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യു മാനോജില്‍ നിന്നും പണം ആവശ്യപ്പെട്ടിരുന്നത്. പലതവണ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയിട്ടുണ്ട്. 10 ലക്ഷം രൂപയാണ് ഇപ്പോള്‍ ആവശ്യപ്പെട്ടത്. അതിന്റെ അഡ്വാന്‍സ് രണ്ട് ലക്ഷം കൈപ്പറ്റുന്നതിനാണ് എറണാകുളത്തു നിന്നും കവടിയാര്‍ പണ്ഡിറ്റ് നഗറിലുള്ള മനോജിന്റെ വീട്ടിലെത്തിയത്. വാഹനം മാറ്റി ഇട്ടതിനുശേഷം വീട്ടിലെത്തി പണം കൈപ്പറ്റിയ അലക്‌സ് മാത്യുവിനെ വിജിലന്‍സ് കയ്യോടെ പിടിക്കുകയായിരുന്നു.

2013 മുല്‍ അലക്‌സ് മാത്യു പണം വാങ്ങിയിരുന്നതായി മനോജ് പറഞ്ഞു. 10000 ,15000 ഒക്കെയാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. അലക്‌സിന്റെ പശ്ചാത്തലം വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. ഡിജിഎം അലക്‌സ് മാത്യു മുന്‍പും കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരനായ മനോജ് വെളിപ്പെടുത്തിയിട്ടുണ്ട്. ബിസിനസ് തകര്‍ക്കാന്‍ ശേഷിയുള്ള ഉദ്യോഗസ്ഥനായതിനാല്‍ വഴങ്ങേണ്ടി വന്നു. കൈക്കൂലി വാങ്ങി പുതിയ ഏജന്‍സികള്‍ക്ക് ഉപഭോക്താക്കളെ മാറ്റി നല്‍കിയിട്ടുണ്ടെന്നും ഇത്തരത്തില്‍ ഇടുക്കിയിലെ ഏജന്‍സിയില്‍ നിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് അറിവെന്നും മനോജ് പറഞ്ഞു.

ഐഒസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കാന്‍ ശ്രമിച്ചുവെങ്കിലും അവസരം ലഭിച്ചില്ലെന്നും മനോജ് വ്യക്തമാക്കി. ഏജന്‍സി മാറ്റത്തിലൂടെ നൂറുകണക്കിന് ഉപഭോക്താക്കളെയും ഉദ്യോഗസ്ഥന്‍ ദ്രോഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളത്തു നിന്നും കാറോടിച്ച് തിരുവനന്തപുരത്ത് ഗ്യാസ് ഏജന്‍സി ഉടമയായ മനോജിന്റെ വീട്ടിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഐഒസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യു വിജിലന്‍സിന്റെ പിടിയിലായത്. കൈക്കൂലിയായി അവശ്യപ്പെട്ട 10 ലക്ഷത്തില്‍ രണ്ട് ലക്ഷം വാങ്ങുന്നതിനിടെയാണ് പിടിവീണത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഗ്യാസ് ഏജന്‍സിയില്‍ നിന്നും ഉപഭോക്താക്കളെ മറ്റു ഏജന്‍സിയിലേക്ക് മാറ്റാതിരിക്കുന്നതിനാണ് 10 ലക്ഷം രൂപ അലക്‌സ് മാത്യു ആവശ്യപ്പെട്ടത്. പണം നല്‍കില്ലെന്ന് അറിയിച്ചതോടെ അലക്‌സ് മാത്യു കുറച്ചു ഉപഭോക്താക്കളെ മാറ്റി. കൈക്കൂലി നല്‍കാന്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തി. ഇന്നലെ രാവിലെ വിളിച്ച്, താന്‍ തിരുവനന്തപുരത്ത് വരുന്നുണ്ടെന്നും അപ്പോള്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മനോജ് വിജിലന്‍സിനെ വിവരം അറിയിച്ചത്. അലക്‌സ് മാത്യു 2013 മുതല്‍ തന്നില്‍ നിന്നും പണം വാങ്ങുന്നുണ്ട് എന്ന് പരാതിക്കാരന്‍ മൊഴി നല്‍കി.

അതേസമയം, കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഐഒസി ഡിജിഎം അലക്‌സ് മാത്യുവിനെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അലക്‌സ് മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കായണ്.

Tags:    

Similar News