'ഡാ, ഈ മെസേജ് സാറിനെ കാണിക്കണം; കൂടെ പണി എടുത്ത് കൂടെ ഉള്ളവര്‍ക്ക് പണി കൊടുക്കുന്നവരെ മാറ്റാന്‍ പറയണം': അരീക്കോട് സായുധ ക്യാമ്പില്‍ ജീവനൊടുക്കിയ വിനീതിനെ അലട്ടിയത് ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി കിട്ടാത്തത് അടക്കം നിരവധി പ്രശ്‌നങ്ങള്‍; ആത്മഹത്യാ കുറിപ്പ് പുറത്ത്

വിനീതിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

Update: 2024-12-16 06:32 GMT

മലപ്പുറം: അരീക്കോട് സായുധ ക്യാമ്പില്‍, സ്വയം നിറയൊഴിച്ച്പൊലീസുകാരന്‍ ജീവനൊടുക്കിയതിന് പിന്നില്‍ മേലുദ്യോഗസ്ഥരുടെ പീഡനമോ? അതുസൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വയനാട് സ്വദേശി തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ ഉദ്യോഗസ്ഥന്‍ വിനീത് ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

വിനീത് കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് സൂചന. ശാരീരിക ക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ടതും, ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതുമെല്ലാം വിനീതിന്റെ മരണത്തിന് കാരണമെന്നാണ് നിഗമനം. മലപ്പുറം അരീക്കോട് സായുധ പൊലീസ് ക്യാംപിലെ സിപിഒ ആയ വിനീത് ഇന്നലെ രാത്രിയാണ് ജീവനൊടുക്കിയത്.

മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും, ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍, മേലുദ്യോഗസ്ഥര്‍ കടുത്ത ശിക്ഷ നല്‍കിയിരുന്നു. ഇതും, ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി നല്‍കാത്തതുമാണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ബന്ധുവിന് അയച്ച കത്തില്‍ ഓട്ടത്തിന്റെ സമയം വര്‍ധിപ്പിക്കണമെന്നും ചിലര്‍ ചതിച്ചുവെന്നും, പണി കൊടുക്കുന്നവരെ മാറ്റാന്‍ പറയണമെന്നും വിനീത് പറയുന്നുണ്ട്.

സംഭവത്തിന് പിന്നാലെ പോലീസ് വകുപ്പിനെതിരേ രൂക്ഷ ആരോപണവുമായി ടി.സിദ്ധിഖ് എംഎല്‍എ രംഗത്ത് വന്നിട്ടുണ്ട്. മനുഷ്യത്വരഹിതമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടിയ സിദ്ധിഖ് മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

പോലീസുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു. ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ പോലും അവധി അനുവദിച്ചില്ല. ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിനീത് നേരിട്ട് പീഡനങ്ങളെ കുറിച്ചുള്ള സന്ദേശങ്ങള്‍ ബന്ധുക്കളുടെ പക്കല്‍ ഉണ്ടെന്നും ടി സിദ്ധിഖ് പറഞ്ഞു. മലപ്പുറം എസ്ഒജി ക്യാമ്പിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വയനാട് കല്‍പ്പറ്റ ചെങ്ങഴിമ്മല്‍ വീട്ടില്‍ ഹവില്‍ദാര്‍ വിനീതിനെ കഴിഞ്ഞ ദിവസം രാത്രി 8:50നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags:    

Similar News