വാളയാര്‍ ആള്‍ക്കൂട്ട കൊലപതകം: പിടിയിലായ നാല് പ്രതികള്‍ ബിജെപി അനുഭാവികള്‍; കേസിലെ നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനും; സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; വാളയാര്‍ അക്രമത്തില്‍ സിഐടിയു പ്രവര്‍ത്തകനും ഉണ്ട്: രാഷ്ട്രീയനിറം കൊടുക്കാതെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സി കൃഷ്ണകുമാര്‍
വാളയാര്‍ ആള്‍ക്കൂട്ട കൊലപതകം: പിടിയിലായ നാല് പ്രതികള്‍ ബിജെപി അനുഭാവികള്‍
പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ പിടിയിലായ പ്രതികളില്‍ നാല് പേര്‍ ബിജെപി അനുഭാവികള്‍. ഒന്നാം പ്രതി അനു, രണ്ടാം പ്രതി പ്രസാദ്, മൂന്നാം പ്രതി മുരളി, അഞ്ചാം പ്രതി വിപിന്‍ എന്നീ പ്രതികള്‍ ബിജെപി അനുഭാവികളാണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എത്തിയ ജിനീഷ് എന്നയാള്‍ പാലക്കാട് സുബൈര്‍ വധക്കേസിലെ പ്രതിയാണ്. ഇതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു.
ആള്‍ക്കൂട്ട മര്‍ദന കൊലപാതകത്തിലെ പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് പാലക്കാട് എസ് പി അജിത്കുമാര്‍ പറഞ്ഞിരുന്നു. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. എസ്സിഎസ്ടി വകുപ്പ് ഉള്‍പ്പെടെ ചുമത്തി എഫ് ഐആര്‍ പുതുക്കുമെന്നും എസ് പി വ്യക്തമാക്കി. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും പ്രതിനിധികള്‍ രാം നാരായണ്‍ ബഗേലിന്റെ കുടുംബവുമായി സംസാരിച്ചു.
നഷ്ടപരിഹാരം അടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ മൃതദേഹം ഏറ്റുവാങ്ങാന്‍ രാംനാരായണിന്റെ കുടുംബം സമ്മതിച്ചു. പത്ത് ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് വിവരം. സര്‍ക്കാരുമായുള്ള ചര്‍ച്ച പോസിറ്റീവ് ആയിരുന്നുവെന്ന് സമരസമിതിയും വ്യക്തമാക്കി.
തൃശൂര്‍ കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു. അടിയന്തര നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായിരുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ രേഖാമൂലം ഉറപ്പു നല്‍കാത്തതിനാലാണ് ഇന്നലെ രാത്രി തങ്ങള്‍ പ്രതിഷേധം തുടര്‍ന്നതെന്ന് സമരസമിതി പറഞ്ഞിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്നായിരുന്നു കുടുംബത്തിന്റെ പ്രധാന ആവശ്യം. ചര്‍ച്ചയില്‍ ആവശ്യങ്ങളെല്ലാം പരിഗണിക്കപ്പെട്ടു .കേരള സര്‍ക്കാരിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും, പിന്തുണച്ച മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് രാം നാരായണന്റെ സഹോദരന്‍ പ്രതികരിച്ചത്.
അതേസമം ആള്‍ക്കൂട്ട അക്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. അതിനെ അനുകൂലിക്കുന്നില്ല. അട്ടപ്പാടിയില്‍ മധുവിനെ കൊലപ്പെടുത്തിയവര്‍ സിപിഐഎമ്മുകാരായിരുന്നു. രാഷ്ട്രീയമോ നിറമോ നോക്കിയല്ല എതിര്‍ക്കേണ്ടത്. വാളയാര്‍ അക്രമത്തില്‍ സിഐടിയുവിന്റെ പ്രവര്‍ത്തകനും ഉണ്ട്. രാഷ്ട്രീയനിറം കൊടുക്കാതെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്നും സി കൃഷ്ണകുമാര്‍ ചോദിച്ചു.
