ഇടപ്പള്ളിയില്‍ 70കാരി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; ദേഹമാകെ രക്തവും അരികില്‍ കത്തിയും; വളര്‍ത്തുപട്ടിയും മുറിയില്‍; കൊലപാതകമെന്ന് സംശയം; സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചു പോലീസ് അന്വേഷണം തുടങ്ങി

ഇടപ്പള്ളിയില്‍ 70കാരി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

Update: 2025-12-20 06:35 GMT

കൊച്ചി: എഴുപതുകാരിയെ ദേഹമാകെ മുറിവുകളുമായി രക്തംവാര്‍ന്ന് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടപ്പള്ളി കാമ്പിയന്‍ സ്‌കൂളിനുസമീപം പ്രതീക്ഷാനഗര്‍ റെസിഡെന്‍സ് അസോസിയേഷന്‍ (പിആര്‍എ) 16-ല്‍ സപ്തസ്വരവീട്ടില്‍ വനജ (70) യെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്.

സംഭവം നടക്കുമ്പോള്‍ വനജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിക്കുശേഷമാണ് ബന്ധുക്കള്‍ മൃതദേഹം കണ്ടത്. എളമക്കര പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന തുടങ്ങി. രാത്രി വൈകിയതിനാല്‍ മൃതദേഹം ശനിയാഴ്ചയേ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റൂ. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തും.

സംഗീതാധ്യാപികയായിരുന്ന വനജ ശാരീരിക അവശതകള്‍ കാരണം വീടിനുപുറത്തേക്ക് ഇറങ്ങാറുണ്ടായിരുന്നില്ല. ഭര്‍ത്താവ്: പരേതനായ വാസു. വനജയുടെ അനിയത്തിയുടെ മകളും ഭര്‍ത്താവുമാണ് ഒപ്പം താമസിച്ചിരുന്നത്. ഇരുവരും ജോലികഴിഞ്ഞ് രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീടിന്റെ ഗേറ്റ് മാത്രമേ പൂട്ടിയിടാറുള്ളു. വനജയ്ക്ക് നടക്കാനൊക്കെ ബുദ്ധിമുട്ടായതിനാല്‍ മുന്‍വശത്തെ വാതില്‍ പൂട്ടാറില്ല.

ബന്ധുക്കള്‍ വാതില്‍ തുറന്നപ്പോള്‍ തളംകെട്ടിക്കിടക്കുന്ന രക്തത്തില്‍ മൃതദേഹം കിടക്കുന്നതാണ് കണ്ടത്. കത്തിയും മൃതദേഹത്തിനരികില്‍ കിടപ്പുണ്ടായിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന പട്ടിയും ഈ മുറിയില്‍ തന്നെയുണ്ടായിരുന്നു. പ്രാഥമിക പരിശോധനയില്‍ കൊലപാതകമെന്ന് സംശയിക്കുന്നതായി എളമക്കര പോലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡ് രാത്രിതന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

Tags:    

Similar News