അദാനിയുമായി ചെറിയ കാലത്തേക്കുള്ള രണ്ട് കരാറുകള്‍ മാത്രം; കെ എസ് ഇ ബി ടെന്‍ഡര്‍ വിളിച്ച് കരാര്‍ കൊടുക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല; രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ മറുപടി

അദാനിയുമായി ചെറിയ കാലത്തേക്കുള്ള രണ്ട് കരാറുകള്‍ മാത്രം

Update: 2024-12-07 13:29 GMT

തിരുവനന്തപുരം: അദാനിയുമായി ചെറിയ കാലത്തേക്കുള്ള രണ്ട് കരാറുകള്‍ മാത്രമേയുള്ളൂവെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. ബോര്‍ഡ് ടെന്‍ഡര്‍ വിളിച്ചാണ് കരാര്‍ കൊടുക്കുന്നതെന്നും സര്‍ക്കാര്‍ ഇതില്‍ ഇടപെടുന്നില്ലെന്നും നാല്‍പത് കമ്പനികളുടെ ടെന്‍ഡര്‍ ഉണ്ടെന്നും അതില്‍ രണ്ടെണ്ണം മാത്രമേ അദാനിയുടേതായിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു. കമ്പനികളുമായി ചെറിയ കാലത്തേക്കുള്ള കരാറാണ് ഉള്ളതെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്ക് കാരണം അഴിമതിയും പകല്‍ക്കൊള്ളയുമാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ചെന്നിത്തല്ക്കുള്ള മറുപടിയായിട്ടാണ് വൈദ്യുതി മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പുതിയ കരാറിനെക്കുറിച്ച് വിശദമാക്കിയത്.

കുറഞ്ഞ നിരക്കില്‍ ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയുടെ ദീര്‍ഘകാല കരാര്‍ റദ്ദാക്കി പകരം അതിന്റെ ഇരട്ടിയിലേറെ തുകയ്ക്ക് വൈദ്യുതി വാങ്ങുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കും നിരക്ക് വര്‍ധനയ്ക്കും കാരണമായതെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. വൈദ്യുത ഉല്പാദക കമ്പനികളുമായി ചേര്‍ന്നുള്ള കള്ളക്കളികളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പുതിയ കരാറിന്റെയും കുതിച്ചുയര്‍ന്ന വൈദ്യുതിനിരക്കിന്റെയും ഏറ്റവും വലിയ ഗുണഭോക്താവ് അദാനിയാണ് എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് മാത്രമേ ഇത്രയും വലിയ അഴിമതി നടക്കുകയുള്ളൂവെന്നും അദാനി പവറിന് കേരളത്തിന്റെ പവര്‍ പര്‍ച്ചേസ് ചിത്രത്തില്‍ വരണമെങ്കില്‍ യു.ഡി.എഫ് കാലത്തെ കുറഞ്ഞ വിലയ്ക്കുള്ള കരാറുകള്‍ റദ്ദാക്കിയേ മതിയാകുകയായിരുന്നുള്ളൂവെന്നും അത് സാദ്ധ്യമാക്കാന്‍ ഏതൊക്കെ തലത്തിലുള്ള ഗൂഢാലോചനകളാണ് നടന്നതെന്ന് സര്‍ക്കാര്‍ തന്നെ വെളിപ്പെടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News