തൃക്കണ്ണാപുരത്ത് 'ആനന്ദ് തമ്പി'യ്ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിലെ കരങ്ങള്‍; സെക്രട്ടറിയേറ്റിന് മുന്നിലെ മേയര്‍ പൂട്ടിച്ച ആ സ്പാ ബിജെപി നേതാവിന്റേത്; കാട്ടാക്കടയിലും അരുവിക്കരയും സ്ഥാനാര്‍ത്ഥിയാകാന്‍ മോഹിച്ച നേതാവിനെതിരെ ഉയരുന്നത് ഗുരുതര ആരോപണം; 'സ്പര്‍ശന്‍ സ്പായില്‍' പോലീസ് കേസെടുക്കില്ല; അടിമുടി ദുരൂഹമായി മനോഹര പുത്രന്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തില്‍ സെക്രട്ടേറിയറ്റിന് തൊട്ടുമുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പായെ ചൊല്ലിയുള്ള വിവാദങ്ങള്‍ ബിജെപിയിലെ ഗ്രൂപ്പ് പോരിലേക്കും പ്രമുഖ നേതാവിന്റെ നിഗൂഢമായ ഇടപെടലുകളിലേക്കും വിരല്‍ചൂണ്ടുന്നു. തൃക്കണ്ണാപുരം സ്വദേശിയായ ബിജെപി നേതാവാണ് ഈ സ്ഥാപനത്തിന് പിന്നിലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ബിജെപി സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഇദ്ദേഹത്തിന്റെ പിതാവിന്റെ പേരാണ് സ്പായുടെ രേഖകളിലുമുള്ളതെന്ന കണ്ടെത്തല്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. നഗരസഭാ രേഖകളില്‍ ഈ സ്പായെ സംബന്ധിച്ച കൃത്യമായ വിവരങ്ങളൊന്നുമില്ലെന്നതും ലൈസന്‍സിനെ കുറിച്ചുള്ള ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നു. തൃക്കണ്ണാപുരത്ത് കൗണ്‍സിലറാകാന്‍ ആഗ്രഹിച്ച ആര്‍ എസ് എസുകാരന്‍ ആത്മഹത്യ ചെയ്തിരുന്നു. ആനന്ദ് തമ്പിയ്ക്ക് സീറ്റ് നിഷേധിച്ചതും ഈ നേതാവിന്റെ ഇടപെടലായിരുന്നു. ഈ വ്യക്തിയാണ് സ്പായില്‍ കുടുങ്ങുന്നത്. സ്പര്‍ശന്‍ സ്പായില്‍ വിശദ അന്വേഷണം കോര്‍പ്പറേഷന്‍ നടത്തുന്നുണ്ട്.
പാങ്ങോട് സ്വദേശിയായ മനോഹരന്‍ എന്നയാളുടെ പേരിലാണ് സ്പാ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രമുഖ ബിജെപി നേതാവ് തന്റെ സത്യവാങ്മൂലത്തില്‍ പിതാവിന്റെ പേരായി നല്‍കിയിരിക്കുന്നതും മനോഹരന്‍ എന്നാണ്. ഈ യാദൃശ്ചികത കേവലമൊരു അവിചാരിത സംഭവമല്ലെന്നും നേതാവിന്റെ ബിനാമി ഇടപാടാണ് ഇതെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെയും മതിയായ ലൈസന്‍സുകള്‍ ഇല്ലാതെയുമാണ് പ്രീമിയം സൗകര്യങ്ങളോടെ സ്പാ പ്രവര്‍ത്തിച്ചിരുന്നത്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസില്‍ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ല. പോലീസില്‍ പരാതി എത്താതിരുന്നതിനാല്‍ തന്നെ നിലവില്‍ കേസെടുക്കാനും അധികൃതര്‍ തയ്യാറായിട്ടില്ല. ഈ സ്പാ എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് പോലീസിന് അന്വേഷിക്കാവുന്നതേയുള്ളൂ. സ്പാ വിവാദം കൊഴുക്കുമ്പോഴും പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത്. തൃക്കണ്ണാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ നേതാവിന്റെ ബിനാമി ഇടപാടുകളെ കുറിച്ച് നേരത്തെയും പാര്‍ട്ടിയില്‍ അടക്കം സംസാരമുണ്ടായിരുന്നു.
സ്പാ പൂട്ടിച്ചതോടെ ഉടമസ്ഥനെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും നേതാവ് ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. പരാതിക്കാരിയെ സ്വാധീനിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ അണിയറയില്‍ ചരടുവലികള്‍ നടക്കുന്നതായും സൂചനയുണ്ട്. കാട്ടാക്കടയിലും അരുവിക്കരയും ബിജെപി സ്ഥാനാര്‍ത്ഥിയായി ഈ നേതാവിനെ പരിഗണിക്കുന്നുണ്ട്. ബിജെപിയിലെ മേയര്‍ വിവാദം ആളിക്കത്തിച്ചതും ഈ നേതാവിന്റെ കൂടി ഇടപെടലിലാണ്. ഇതെല്ലാം ആര്‍ എസ് എസും ഗൗരവത്തിലാണ് കാണുന്നത്. ഏതായാലും ഈ സ്പായുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോര്‍പ്പറേഷന്‍.
ബിജെപിയുടെ ഉറച്ച സീറ്റായിരുന്നു തൃക്കണ്ണാപുരം. എന്നാല്‍ ആനന്ദ് തമ്പിയുടെ മരണമുണ്ടാക്കിയ വിവാദത്തില്‍ ആ സീറ്റ് കൈവിട്ടു പോയി. അല്ലാത്ത പക്ഷം ബിജെപിക്ക് നഗരസഭയില്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ കഴിയുമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയില്‍ എത്തിയ നേതാവാണ് ഈ വിവാദങ്ങളില്‍ കുടുങ്ങുന്നത്.
