ഉമ്മന്‍ചാണ്ടി ഇടപെട്ടില്ലായിരുന്നെങ്കില്‍ ആദ്യ ഭാര്യ നല്‍കിയ ഗാര്‍ഹികപീഡന പരാതിയില്‍ ഗണേഷിന് അന്ന് ജയിലില്‍ പോകേണ്ടിവരുമായിരുന്നു; ആദ്യ കത്ത് ഞാനും കണ്ടു; അതില്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്ലായിരുന്നു; ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന; മന്ത്രി ഗണേഷ് കുമാറിനെതിരെ സഹോദരിയും
കൊല്ലം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നേരിട്ട് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിക്കുന്നു. ഗണേഷിന്റെ സഹോദരി ഉഷാ മോഹന്‍ദാസും മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം സുധീര്‍ മലയിലും നടത്തിയ വെളിപ്പെടുത്തലുകള്‍ മന്ത്രിയെയും ഇടതുമുന്നണിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഉമ്മന്‍ചാണ്ടിയെ ഗൂഢാലോചനയിലൂടെ കുടുക്കിയതാണെന്നും അതില്‍ തനിക്ക് ഖേദമുണ്ടെന്നും ആര്‍. ബാലകൃഷ്ണപിള്ളയുടെ മകള്‍ ഉഷാ മോഹന്‍ദാസ് പറഞ്ഞു. ആദ്യഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് അന്ന് ഗണേഷിനെ രക്ഷിച്ചത്. എന്നാല്‍ പിന്നീട് മന്ത്രിസ്ഥാനം തിരികെ നല്‍കാത്തതിലുള്ള വ്യക്തിപരമായ പകയാണ് വേട്ടയാടലിലേക്ക് നയിച്ചത്. സോളാര്‍ പരാതിക്കാരിയുടെ കത്ത് അന്ന് അച്ഛന് ലഭിച്ചത് താന്‍ കണ്ടതാണെന്നും അതില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും ഉഷാ മോഹന്‍ദാസ് വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് ബോധപൂര്‍വ്വം കൂട്ടിച്ചേര്‍ത്തതാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനുണ്ടായ ബുദ്ധിമുട്ടില്‍ തനിക്ക് ഖേദമുണ്ടെന്നും അവര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗണേഷ്‌കുമാര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം വീണ്ടുമുയരുന്ന പശ്ചാത്തലത്തിലാണ് സഹോദരി ഉഷാ മോഹന്‍ദാസിന്റെ വെളിപ്പെടുത്തല്‍. ഉമ്മന്‍ചാണ്ടി ഇടപെട്ടില്ലായിരുന്നെങ്കില്‍, ആദ്യഭാര്യ നല്‍കിയ ഗാര്‍ഹികപീഡന പരാതിയില്‍ ഗണേഷിന് അന്ന് ജയിലില്‍ പോകേണ്ടിവരുമായിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഇപ്പോള്‍ മന്ത്രിപദത്തിലെത്താനോ കഴിയുമായിരുന്നില്ല. മന്ത്രിസ്ഥാനം തിരികെ നല്‍കാത്തത് ഗണേഷിന് ഉമ്മന്‍ചാണ്ടിയോടുള്ള പകയ്ക്ക് ഇടയാക്കി. സോളാര്‍ കേസില്‍ ആരോപണങ്ങളടങ്ങിയ കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നു. അത് താന്‍ കണ്ടതാണ്. കത്തില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല. ആ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്. സോളാര്‍ കേസുമായും കത്തുമായും ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. ഇത്രയുംകാലം ഇതൊന്നും പറയാതിരുന്നതാണെന്നും ഉഷാ മോഹന്‍ദാസ് പറഞ്ഞു.
ഗണേഷ് കുമാറിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം സുധീര്‍ മലയില്‍ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി ഗണേഷിന് കൂടുതല്‍ കുരുക്കായിരിക്കുകയാണ്. 'ഉമ്മന്‍ചാണ്ടിയെ പാഠം പഠിപ്പിക്കും, പീഡനക്കേസില്‍ കുടുക്കും' എന്ന് ഗണേഷ് കുമാര്‍ പലവട്ടം പറഞ്ഞിരുന്നതായി സുധീര്‍ മൊഴി നല്‍കി. സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ നാല് പേജുകള്‍ അധികമായി കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണെന്നും ഇതിനായി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഗൂഢാലോചന നടന്നുവെന്നും മൊഴിയില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന ഈ വെളിപ്പെടുത്തലുകള്‍ ഗണേഷ് കുമാറിനും ഇടതുമുന്നണിക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഉമ്മന്‍ചാണ്ടിയോട് കേരളത്തിലെ ജനങ്ങള്‍ക്കുള്ള വൈകാരിക ബന്ധം വോട്ടായി മാറുമോ എന്ന ഭയത്തിലാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍. തന്നെ രക്ഷിച്ച വ്യക്തിയെ തന്നെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഗണേഷിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ വെല്ലുവിളിയായേക്കാം.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇഡി അന്വേഷണം മുറുകുന്നതിനിടയില്‍ പുറത്തുവന്ന സോളാര്‍ ഗൂഢാലോചന വാര്‍ത്തകള്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുണ്ട്.
