ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു പേജും സര്‍ക്കാര്‍ മറച്ചുവച്ചിട്ടില്ല: മന്ത്രി സജി ചെറിയാന്‍; അന്വേഷണം നടക്കുന്നുവെന്നും വിശദീകരണം
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒരു പേജും സര്‍ക്കാര്‍ മറച്ചുവച്ചിട്ടില്ലെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. 2019ല്‍ വന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ മാറ്റിവച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാന്‍ വേണ്ടിയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മീഷന്‍ ആണെന്നും സജി ചെറിയാന്‍ പറഞ്ഞു.
വിവരാവകാശ കമ്മീഷന്റെ അവസാന നിര്‍ദേശം വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുത് എന്നായിരുന്നു. ആ നിര്‍ദേശം അനുസരിച്ചേ മാറ്റിയിട്ടുള്ളൂ- മന്ത്രി പറഞ്ഞു. സര്‍ക്കാരിന് മുന്നില്‍ വന്ന റിപ്പോര്‍ട്ട് മന്ത്രി പരിശോധിച്ചിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റീസ് ഹേമയും വിവരാവകാശ കമ്മിഷനും പറഞ്ഞു. രണ്ടാമത് വിവരാവകാശ കമ്മീഷന്‍ പറഞ്ഞപ്പോള്‍ കൊടുത്തു. ഹൈക്കോടതി പറഞ്ഞപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയോഗിച്ചു. അന്വേഷണം നടക്കുന്നു. സര്‍ക്കാര്‍ ഇരയോടൊപ്പമാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.