സൊമാറ്റോ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍: റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2025-05-15 11:43 GMT

എറണാകുളം : ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളികള്‍ ഉന്നയിച്ചിരിക്കുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ ലേബര്‍ കമ്മീഷണര്‍ തലത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. തൊഴിലാളികളുടെ അഭിപ്രായം ചോദിച്ച് പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള സമഗ്രമായ റിപ്പോര്‍ട്ട് ലേബര്‍ കമ്മീഷണര്‍ രണ്ടുമാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കുന്ന ബില്ലിനെകുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായാല്‍ അതും റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു. സൊമാറ്റോ തൊഴിലാളികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 15 മണിക്കൂര്‍ വരെ നിര്‍ബന്ധിതമായി ജോലി ചെയ്യിപ്പിക്കുന്നുവെന്നാണ് പ്രധാന പരാതി.

ജില്ലാ ലേബര്‍ ഓഫീസറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. രാവിലെ 9 നും രാത്രി 12 നുമിടയിലുള്ള സമയത്താണ് ഇവര്‍ ജോലി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെലിവറി ആപ്പില്‍ ലോഗിന്‍ ചെയ്ത് ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്താല്‍ മതിയാകും. ജോലി സമയം തൊഴിലാളികള്‍ക്ക് തീരുമാനിക്കാം. 300 രൂപയുടെ ഇന്ധനം നിറച്ചാല്‍ 5 മണിക്കൂര്‍ കൊണ്ട് 800 രൂപ വരുമാനം ലഭിക്കുമെന്ന്‌ െ തൊഴിലാളികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലിയില്‍ മാനസിക പീഡനങ്ങളോ ബുദ്ധിമുട്ടുകളോ തൊഴിലാളികള്‍ അറിയിച്ചിട്ടില്ല. പലരും പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരാണ്. സ്ഥിരം തൊഴിലാളികള്‍ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഗുരുതരമായ പ്രശ്‌നങ്ങള്‍ പരാതിക്കാര്‍ കമ്മീഷനെ അറിയിച്ചു.

പുലര്‍ച്ചെ രണ്ടു മണി വരെ പലരും ജോലി ചെയ്യേണ്ടി വരുന്നതായും കമ്പനി പരിഷ്‌ക്കരിച്ച റേറ്റ് കാര്‍ഡിന്റെ സമയക്രമം കാരണം ഉറക്കമില്ലായ്മയും ശാരീരികപ്രശ്‌നങ്ങളും ഉണ്ടാകുന്നതായും പരാതിക്കാര്‍ പറഞ്ഞു. ഇത് വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഭക്ഷ്യവിതരണ ശൃംഖലാ ജീവനക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി ഒരു ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കി വരികയാണെന്നും പരാതിക്കാര്‍ പറയുന്നു.

Tags:    

Similar News