'ഏത് മൂഡ് ഓണം മൂഡ്'; മുണ്ടുടുക്കാൻ കഷ്ടപ്പെട്ട് വിദ്യാര്‍ത്ഥി; സഹായഹസ്തവുമായി കേരളാ പോലീസ്; വീഡിയോ വൈറൽ
തിരുവനന്തപുരം: ഓണാഘോഷത്തിനെത്തിയ ഒരു വിദ്യാര്‍ത്ഥിക്ക് മുണ്ടുടുക്കാൻ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ഇപ്പോൾ വൈറലാണ്. കേരളാ പോലീസിന്റെ പൊതുജനങ്ങളോടുള്ള കരുതലിന്റെയും സമീപനത്തിന്റെയും മറ്റൊരു ഉദാഹരണമാണിതെന്നാണ് സാമൂഹ മാധ്യമങ്ങളിൽ പലരുടെയും അഭിപ്രായം.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് പരിസരത്ത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണ്ണന്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഈ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചത്. മുണ്ട് ഉടുക്കാൻ ബുദ്ധിമുട്ട് അനുഭവിച്ച ഒരു വിദ്യാർത്ഥിക്ക് സമീപത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ സഹായഹസ്തം നീട്ടുകയായിരുന്നു. വീഡിയോയിൽ, പോലീസ് ഉദ്യോഗസ്ഥൻ വിദ്യാർത്ഥിക്ക് മുണ്ട് ശരിയായി മടക്കി നൽകി ഉടുക്കാൻ സഹായിക്കുന്നതും കാണാം.
കേരളാ പോലീസിന്റെ മീഡിയാ സെൻ്ററാണ് ഈ ഹൃദയസ്പർശിയായ വീഡിയോ പങ്കുവെച്ചത്. ഈ ഓണത്തിന് തരംഗമായ 'ഏത് മൂഡ് ഓണം മൂഡ്' എന്ന ഗാനത്തോടൊപ്പമാണ് വീഡിയോ പുറത്തുവന്നത്. ഇത് പോലീസിന്റെ സൗഹൃദപരവും സഹായമനസ്കവുമായ മുഖമാണ് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.