എലി കടിച്ച് കാൽ മുറിച്ചുമാറ്റിയത് കഴിഞ്ഞ ജൂണിൽ; ഡ്രൈവറായി ജോലി ചെയ്യവേ ജീവിതം ദുരന്തപൂർണമായി; ഒടുവിൽ അവശ നിലയിലായ 51-കാരൻ പെട്രോൾ ഒഴിച്ച് ജീവനൊടുക്കി
ചേർത്തല: ചേർത്തലയിൽ 51-കാരൻ തീ കൊളുത്തി മരിച്ചു. ആലപ്പുഴ ചേർത്തലയിൽ താമസിച്ചു വരികയായിരുന്ന തിരുവനന്തപുരം സ്വദേശി ഷാജിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പട്ടണക്കാട് പഞ്ചായത്തിലെ പുതിയകാവ് താമരശേരി ചിപ്പിയുടെ വീടിന് സമീപമാണ് സംഭവം നടന്നത്. കൈവശമുണ്ടായിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് ഷാജി തീ കൊളുത്തുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കോട്ടയത്ത് നവകേരള സദസിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് ഷാജിയുടെ ദുരിതങ്ങൾക്ക് തുടക്കമായത്. ജോലി സ്ഥലത്ത് രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ എലി കടിച്ചതിനെ തുടർന്നുണ്ടായ മുറിവ് വ്രണമാവുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ജൂണിൽ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് വലത് കാൽമുട്ടിന് മുകളിൽ വെച്ച് മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ഈ സമയത്താണ് കോട്ടയം മെഡിക്കൽ കോളേജിൽ പരിചരണത്തിന് ഉണ്ടായിരുന്ന ചിപ്പിയുടെ മാതാവാണ് ഷാജിയെ പരിചയപ്പെടുകയും ചേർത്തലയിൽ വാടക വീട് ശരിയാക്കി നൽകുകയുമായിരുന്നു. വാടക വീട് വെള്ളപ്പൊക്കത്തിൽ നശിച്ചതിനെ തുടർന്ന് ഷാജി നഗരത്തിലെ വുഡ്‌ലാൻഡ് ലോഡ്ജിലേക്ക് താമസം മാറ്റി.
അംഗപരിമിതനായ ഷാജി വരുമാനമില്ലാതെ ലോഡ്ജിൽ കഴിയുന്ന വിവരം വാർത്തയായതിനെ തുടർന്ന് മന്ത്രി പി. പ്രസാദ് ഇടപെടുകയും തിരുവനന്തപുരം ഗാന്ധിഭവൻ ഷാജിയുടെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു. തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടുത്തെ ചികിത്സകളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ലീഗൽ സർവീസ് അതോറിറ്റിയുടെ പ്രത്യേക അനുമതി വാങ്ങി പട്ടണക്കാടുള്ള വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ദാരുണമായ സംഭവം. പട്ടണക്കാട് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.