മദ്യം വിതരണം ചെയ്യാൻ വൈകി; ബാറിൽ മദ്യം വാങ്ങാൻ എത്തിയവരും ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി; ആറ് പേർ പിടിയിൽ
കൊല്ലം: ബാറിൽ മദ്യം വിതരണം ചെയ്യാൻ വൈകിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങരയിൽ ഓഗസ്റ്റ് 19-ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. അറസ്റ്റിലായ പ്രതികളിൽ ശബരി സുനിൽ (25), അനന്തഘോഷ് (27) എന്നിവർ മദ്യം വാങ്ങാനെത്തിയവരാണ്. ബാർ ജീവനക്കാരായ ഷാനു (28), സുരേഷ്‌കുമാർ (അനന്തു-25), ജിതിൻരാജ് (25), ആർ. രാകേഷ് (28) എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
മദ്യം വാങ്ങാനെത്തിയ ശബരി സുനിലിനും അനന്തഘോഷിനും മദ്യം നൽകാൻ ജീവനക്കാർ വൈകിയതിനെ തുടർന്നുണ്ടായ തർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. അടിപിടിയിൽ മദ്യം വാങ്ങാനെത്തിയ ശബരി സുനിലിനും അനന്തഘോഷിനും തലയ്ക്ക് സാരമായി പരിക്കേറ്റു. ബാർ ജീവനക്കാർക്കും കൈക്ക് പരിക്കുകളുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശക്തികുളങ്ങര എസ്.ഐ.മാരായ ഷബിന, സി.ആർ.സുനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.