ഗൃഹനാഥനെ വീട് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചു; കാരണം മുൻവൈരാഗ്യം; പ്രതികൾ പിടിയിൽ
കൊരട്ടി: വീട്ടിൽ കയറി ഗൃഹനാഥനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മേലൂർ കുന്നപ്പള്ളി സ്വദേശികളായ നന്തിപുലത്ത് വീട്ടിൽ വിമൽ (40), കൈതടം വീട്ടിൽ പ്രവീൺ (40) എന്നിവരാണ് കൊരട്ടി പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8.30 ന് മേലൂർ കുന്നപ്പള്ളി സ്വദേശി വശ്ശേരി വീട്ടിൽ സുദർശനനാണ് (61) പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.സുദർശന്റെ വീടിന്റെ ഹാളിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ, ഇയാളെ മൊബൈൽ ഫോൺ കൊണ്ട് മൂക്കിലും കണ്ണിലും ഇടിച്ചും മറ്റും ആക്രമിക്കുകയായിരുന്നു. പ്രതികൾ പരാതിക്കാരന്റെ അയൽവാസികളാണ്. ഒരു വർഷം മുമ്പ് വിമൽ തന്റെ നായയുമായി സുദർശന്റെ വീട്ടിൽ വന്നപ്പോഴുണ്ടായ തർക്കത്തിൽ സുദർശൻ വിമലിനെ പുറത്താക്കിയിരുന്നു.
ഈ സംഭവത്തിന്റെ വൈരാഗ്യത്താലാണ് വിമൽ, പ്രവീണുമായി ചേർന്ന് സുദർശനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊരട്ടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അമൃതരംഗൻ, എസ്.ഐ ജി.എ.എസ്.ഐ. ഷീബ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.