അടുക്കളയിലെ ഗ്രില്ല് തകർത്ത് അകത്തുകയറി; സ്വർണമെന്ന് കരുതി അലമാരയിൽ നിന്നും മോഷ്ടിച്ചത് മുക്കുപണ്ടം; രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് പ്രദേശവാസികൾ

Update: 2026-01-16 14:20 GMT

പാലക്കാട്: പാലക്കാട് പരുതൂരിൽ സ്വർണമെന്ന് കരുതി മുക്കുപണ്ടം കവർന്ന സംഭവത്തിന് പിന്നാലെ പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്നലെ അർദ്ധരാത്രിയോടെ കൊടുമുണ്ട സ്വദേശി മുജീബ് റഹ്മാൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ ഗ്രില്ല് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കുപണ്ടങ്ങളാണ് കവർന്നത്.

പുലർച്ചയോടെയാണ് വീട്ടുകാർ മോഷണവിവരം തിരിച്ചറിയുകയും തുടർന്ന് തൃത്താല പൊലീസിൽ പരാതി നൽകുകയും ചെയ്തത്. പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തുകയും, മോഷ്ടാവ് പ്രദേശത്ത് ഏറെനേരം ചുറ്റിക്കറങ്ങിയശേഷമാണ് മുജീബ് റഹ്മാൻ്റെ വീട്ടിൽ അതിക്രമിച്ച് കടന്നതെന്നും സ്ഥിരീകരിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ, മോഷ്ടാവ് അടുക്കളയുടെ ഗ്രില്ല് തകർത്ത് അകത്തുകടക്കുന്നതും കവർച്ചയ്ക്ക് ശേഷം പുറത്തിറങ്ങുന്നതും വ്യക്തമാണ്.

കൊടുമുണ്ടയിലെ ഹൈസ്‌കൂളിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും തൊട്ടടുത്ത വീടുകൾക്ക് ചുറ്റും ഇയാൾ ഏറെനേരം കറങ്ങിനടന്നതായും വാഹനങ്ങൾ കടന്നുപോകുമ്പോൾ ഒളിച്ചിരുന്നതായും ദൃശ്യങ്ങളിലുണ്ട്. സംഭവത്തെത്തുടർന്ന്, ഇന്ന് രാവിലെ കൊടുമുണ്ടയിലെത്തിയ പൊലീസ് ജാഗ്രതാസമിതി യോഗങ്ങൾ വിളിച്ചുകൂട്ടി. പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. 

Tags:    

Similar News