ട്രിപ്പിനിടയിൽ ഉറക്കം വന്ന ഡ്രൈവർ; മാർക്കറ്റിന് സമീപം ഒന്ന് സൈഡ് ആക്കിയതും അപകടം; നിയന്ത്രണം തെറ്റിയെത്തിയ ടോറസ് ലോറി പാഞ്ഞെത്തി ഇടിച്ചുകയറി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: വെള്ളറടയിൽ നടന്ന അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പലവ്യഞ്ജനങ്ങളുമായി റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി ലോറിയിലേക്ക് നിർമ്മാണ സാമഗ്രികളുമായി വന്ന ടോറസ് ലോറി ഇടിച്ചുകയറുകയായിരുന്നു.
പനച്ചമൂട് മാർക്കറ്റ് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. മിനി ലോറിയുടെ ഡ്രൈവർ, പാങ്ങോട് സ്വദേശി ഷെഫീഖ്, വാഹനത്തിനുള്ളിൽ വിശ്രമിക്കുകയായിരുന്നു. ടോറസ് ലോറിയുടെ അമിതവേഗതയും നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് ഇടിച്ചുകയറാൻ കാരണമെന്ന് സംശയിക്കുന്നു.
ഇടിയുടെ ആഘാതത്തിൽ മിനി ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി തലകീഴായി മറിഞ്ഞു. കടയുടെ ഭൂരിഭാഗം ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. എന്നാൽ, വാഹനത്തിനുള്ളിൽ ഉറങ്ങുകയായിരുന്ന ഷെഫീഖിന് കാര്യമായ പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെടാൻ സാധിച്ചു. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.