എല്ലാം മറന്ന് പള്ളിയിലെ ഉറൂസ് പെരുന്നാളിൽ പങ്കെടുത്ത ജനക്കൂട്ടം; പെട്ടെന്ന് തിരക്കിനിടയിൽ ജീവൻ പോകുന്ന നിലവിളി; കൊല്ലത്ത് പിക്കപ്പ് വാൻ പാഞ്ഞുകയറി അപകടം; ഒരാളുടെ നില ഗുരുതരം

Update: 2026-02-06 05:57 GMT

കൊല്ലം: പോരുവഴി മയ്യത്തുംകര ഉറൂസിനിടെ ജനക്കൂട്ടത്തിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി അഞ്ചുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ കച്ചവടക്കാരിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് കൊല്ലം-തേനി ദേശീയപാതയിൽ മയ്യത്തുംകര ദർഗ ഷെരീഫിന് മുന്നിലായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

മൺപാത്ര കച്ചവടക്കാരിയായ തമിഴ്‌നാട് കാഞ്ചീപുരം സ്വദേശിനി രാജകുമാരിക്കാണ് (45) ഗുരുതരമായി പരിക്കേറ്റത്. നട്ടെല്ലിനും വയറിന്റെ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാജകുമാരിയുടെ അടുത്ത് ഉണ്ടായിരുന്ന സീനത്ത് (50), സിദ്ദിഖ് (47), അൽത്താഫ് (16), നസീം (17) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മറ്റുള്ളവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭരണിക്കാവ് ഭാഗത്തുനിന്നെത്തിയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വഴിയോര കച്ചവടക്കാർക്കിടയിലേക്കും ജനക്കൂട്ടത്തിലേക്കും ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ പിക്കപ്പ് വാനും വാഹനം ഓടിച്ചിരുന്ന കൊല്ലം സ്വദേശിയായ ഡ്രൈവറെയും ശൂരനാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Tags:    

Similar News