വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്‌കൂട്ടര്‍ അപകടം; ചെറിയമ്മയ്ക്കും മൂന്നുവയസുകാരനും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്കേറ്റു
യുവതിക്കും ബന്ധുവായ മൂന്ന് വയസുകാരനും ദാരുണാന്ത്യം
മലപ്പുറം: വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് കുട്ടിയുള്‍പ്പെടെ ഒരു കുടുബത്തിലെ രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. മമ്പാട് നടുവക്കാട് ഫ്രണ്‍ഡ്‌സ് മൈതാനത്തിന് സമീപം ചീരക്കുഴിയില്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരന്‍ ഷിജുവിന്റെ മകന്‍ ധ്യാന്‍ ദേവ് (3) എന്നിവരാണ് മരിച്ചത്. ഷിനോജ് (40), മകന്‍ നവനീത് (7), ഷിനോജിന്റെ സഹോദരി ഷിമിയുടെ മകള്‍ ഭവ്യ (10) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീലക്ഷ്മിയുടെ ഭര്‍ത്താവിന്റെ അനുജന്റെ മകനാണ് ധ്യാന്‍ദേവ്. ഇന്ന് രാവിലെ പത്തരയോടെ മമ്പാടിന് സമീപം കാരച്ചാല്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് ഷിനോജ്, ശ്രീലക്ഷ്മി, മൂന്ന് കുട്ടികള്‍ എന്നിവരാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചത്. ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ കുടിവെള്ളത്തിനായി ഇട്ടിരുന്ന പൈപ്പില്‍ തട്ടി റബര്‍ തോട്ടത്തിലേയ്ക്ക് മറിയുകയായിരുന്നു.
റബര്‍ മരത്തിലിടിച്ചാണ് വാഹനം നിന്നത്.അപകടസമയത്ത് പ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. പതിനഞ്ച് മിനിട്ടോളം കഴിഞ്ഞാണ് അതുവഴിയെത്തിവര്‍ അപകടത്തില്‍പ്പെട്ടവരെ കാണുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. പോകുന്നവഴിക്കുതന്നെ ധ്യാന്‍ദേവ് മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിയതിന് ശേഷമാണ് ശ്രീലക്ഷ്മി മരിച്ചത്. ഷിനോജിനെയും മക്കളെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂര്‍ മലയില്‍ ആമസോണ്‍ വ്യൂ പോയിന്റ് സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ മമ്പാട് ഓടായിക്കല്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെ തണ്ണിക്കുഴി ഇറക്കത്തില്‍ തിങ്കളാഴ്ച രാവിലെ 10.30നാണ് അപകടം.