അമ്മയുടെ മൃതദേഹം ആരുമറിയാതെ മകന്‍ കുഴിച്ചുമൂടി; കൊലപാതകമെന്ന് സംശയം: മകന്‍ കസ്റ്റഡിയില്‍
അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി; : മകന്‍ കസ്റ്റഡിയില്‍
തുറവൂര്‍: അമ്മയുടെ മൃതദേഹം ആരുമറിയാതെ മകന്‍ കുഴിച്ചുമൂടി. അമ്മയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്ന മകന്‍ അമ്മയെ കൊന്നു കുഴിച്ചുമൂടിയതെന്ന് സംശയം. കൊലപാതകമാണെന്ന സംശയത്തില്‍ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോടുകാട് നികര്‍ത്ത് ഗിരീഷി(49)നെയാണ് കുത്തിയതോട് പോലീസ് കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം പുറത്തറിയുന്നത്. ചൊവ്വാഴ്ച രാവിലെ അമ്മ രാധ (75) മരിച്ചെന്നും ആരെയുമറിയിക്കാതെ വീടിനുമുന്നില്‍ കുഴിയെടുത്തു സംസ്‌കരിച്ചെന്നുമായിരുന്നു ഗിരീഷ് നാട്ടുകാരോടു പറഞ്ഞത്. സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലിസില്‍ അറിയിച്ചു. മദ്യപാനിയായ ഗിരീഷ് അമ്മയുമായി വഴക്കുകൂടുന്നത് പതിവായിരുന്നു. പോലീസെത്തിയപ്പോള്‍ ഗിരീഷ് മദ്യലഹരിയിലായിരുന്നു.
രാധയുടേത് സ്വാഭാവിക മരണമാണെന്നും താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നും ഗിരീഷ് പോലീസിനോടുപറഞ്ഞു. മദ്യലഹരി മാറിയാലേ സത്യമറിയാന്‍ കഴിയുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. വിവാഹിതനായ ഗിരീഷ് ഭാര്യയും മക്കളുമായി പിണങ്ങി അമ്മയ്‌ക്കൊപ്പമാണ് താമസം. ഭാര്യയും മക്കളും തൈക്കാട്ടുശ്ശേരിയില്‍ വാടകയ്ക്കു താമസിക്കുകയാണ്. മൃതദേഹം ബുധനാഴ്ച ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും റിപ്പോര്‍ട്ടുലഭിച്ചാല്‍മാത്രമേ മരണകാരണം വ്യക്തമാകൂയെന്നും പോലീസ് പറഞ്ഞു.