മുന്നിലെ ബ്ലോക്ക് ഒന്നും നോക്കാതെ ഭയങ്കര സ്പീഡിൽ കുതിച്ച കാർ; നിമിഷങ്ങൾക്കുള്ളിൽ പോലീസ് ചെയ്‌സ്; തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോൾ കള്ളത്തരം പുറത്ത്; കൈയ്യോടെ പൊക്കി പോലീസ്

Update: 2026-02-25 09:50 GMT

കോഴിക്കോട്: പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മലപ്പുറം രണ്ടത്താണി സ്വദേശി അബ്ദുൽ നാസർ (39) 5 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവും എംഡിഎംഎയുമായി പിടിയിൽ. കഴിഞ്ഞ ദിവസം കോഴിക്കോട് ജയിൽ പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. കാറിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്.

അസാധാരണ വേഗതയിൽ പാഞ്ഞ കാറിന് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ മുന്നോട്ട് പോയി. തുടർന്ന് പോലീസ് പിന്തുടർന്നു. പുതിയറ ജംഗ്ഷനിലെ ട്രാഫിക് ബ്ലോക്കിൽപ്പെട്ടതോടെ വാഹനം തിരികെ ജയിൽ ഭാഗത്തേക്ക് ഓടിക്കാൻ നാസർ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ പോലീസ് വാഹനം തടയുകയായിരുന്നു. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമം സംശയം വർധിപ്പിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.

ഡ്രൈവർ സീറ്റിന് പിന്നിലെ രഹസ്യ അറയിൽ 19.210 ഗ്രാം എംഡിഎംഎയും, ഡിക്കിയിൽ സ്റ്റെപ്പിനി ടയറിനടിയിൽ 1.633 കിലോഗ്രാം കഞ്ചാവുമാണ് ഒളിപ്പിച്ചിരുന്നത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മലപ്പുറത്ത് നിന്നുള്ള ഒരാൾ ലഹരിമരുന്ന് വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് കോഴിക്കോട് മേഖലയിൽ ചില്ലറ വിൽപന നടത്തുകയായിരുന്ന അബ്ദുൽ നാസർ, മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ ഫോണും ബാങ്ക് അക്കൗണ്ടുകളും കസബ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. കസബ എസ്ഐ യു.സനീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എ.എസ്.ഐ പി.സജേഷ് കുമാർ, എസ്.സി.പി.ഒമാരായ ഷിജിത്ത്, ദീപു, അബ്ദുറഹ്‌മാൻ, രതീഷ്, സിറ്റി ക്രൈം സ്‌ക്വാഡിലെ എം.ഷാലു, സി.കെ.സുജിത്ത് എന്നിവരും ഉണ്ടായിരുന്നു. പ്രതിയുടെ അറസ്റ്റ് മയക്കുമരുന്ന് റാക്കറ്റിലെ കൂടുതൽ കണ്ണികളിലേക്ക് വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Tags:    

Similar News