അറ്റകുറ്റപ്പണികൾക്കിടെ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് വീണ് പള്ളിയുടെ കൈക്കാരന് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്; സംഭവം കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-07-06 10:06 GMT
കോട്ടയം: കുറുപ്പന്തറയിൽ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് അറ്റകുറ്റപണിയ്ക്കിടെ വീണ് പള്ളിയുടെ കൈക്കാരന് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കുറുപ്പന്തറ കുറുപ്പം പറമ്പിൽ ജോസഫ് (ഔസേപ്പച്ചൻ 51) ആണ് മരിച്ചത്. ഇന്ന് ജൂലൈ ആറ് ഞായറാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. പള്ളിയുടെ മേൽക്കൂരയിൽ അറ്റകുറ്റപ്പണികൾക്കായി കയറിയതായിരുന്നു മൂന്നുപേരും. മേൽക്കൂരയിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ പിടിവിട്ട് ഇവർ താഴെ വീഴുകയായിരുന്നു.
മേൽക്കൂര നീക്കുന്നതിനിടെ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട മൂന്നു പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജോസഫിന്റെ മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാൾ ഇതര സംസ്ഥാന തൊഴിലാളി ആണെന്നാണ് വിവരം.