പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; വാൻഡ്രൈവർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ഉൾപ്പെടെ 4 പേർക്ക് പരിക്ക്
പാലക്കാട്: കല്ലടിക്കോട് ദേശീയപാതയിൽ കരിമ്പ ജങ്ഷന് സമീപം പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാൻ യാത്രക്കാരായിരുന്ന നാലു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 നാണ് സംഭവം. വാൻഡ്രൈവർ കരുവരുണ്ട് സ്വദേശി സുധീഷ് (40).വെസ്റ്റ് ബംഗാൾ സ്വദേശികളായ അലിഫ് സൈഖ് (31), പ്രഭാസ് (49), നസീർ മാലിക്ക് (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.
മണ്ണാർക്കാട് നിന്നും വിറക് കയറ്റി പാലക്കാട് പോകുകയായിരുന്ന ലോറിയിലേക്ക് മറ്റൊരു വാഹനത്തെ മറികടന്ന് വരുകയായിരുന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളായ അഞ്ചുപേരുമായി ഒലവക്കോട് നിന്നും കരുവാറുക്കുണ്ട് പോവുകയായിരുന്നു പിക്കപ്പ്.
പിക്കപ്പ് വാൻ യാത്രക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ആദ്യം മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് നിസാര പരിക്കേറ്റു. സംഭവത്തിൽ കല്ലടിക്കോട് പോലീസ് കേസെടുത്തു.