ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയി; കാർ പിന്തുടർന്ന് പിടികൂടി നാട്ടുകാരൻ; സംഭവം മലപ്പുറത്ത്

Update: 2025-09-11 07:51 GMT

ചങ്ങരംകുളം: ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കാറിനെ നാട്ടുകാരൻ പിൻതുടർന്ന് പിടികൂടിയത് സാഹസികമായി. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചങ്ങരംകുളം തിയറ്റർ ജീവനക്കാരനായ കക്കിടിപ്പുറം സ്വദേശി അശോകനാണ് (45) അപകടത്തിൽ പരിക്കേറ്റത്.

സംസ്ഥാന പാതയിൽ ചങ്ങരംകുളം സ്വകാര്യ ആശുപത്രിക്ക് സമീപം തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം നടന്നത്. ചങ്ങരംകുളം ടൗണിൽ നിന്ന് തൃശൂർ റോഡിലേക്ക് അമിത വേഗതയിൽ വന്ന കാർ, അശോകൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. അപകടം കണ്ടുനിന്ന നാട്ടുകാരനായ യുവാവ് ഉടൻതന്നെ സ്വന്തം വാഹനത്തിൽ കാറിനെ പിന്തുടർന്നു.

ഏകദേശം അര കിലോമീറ്റർ ദൂരം പിൻതുടർന്നാണ് ഇയാൾ അപകടമുണ്ടാക്കിയ കാർ തടഞ്ഞത്. തുടർന്ന് ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി. കാറോടിച്ചിരുന്ന നാട്ടിക സ്വദേശിയായ യുവാവിനെയും കാറും കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ നൽകുന്ന വിവരം. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികന്റെ പരിക്ക് ഗുരുതരമായതിനാൽ തുടർചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിയമ നടപടികൾക്കായി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    

Similar News