വാലറ്റ് പാര്‍ക്കിങ്ങിനായി ജീവനക്കാരന്‍ കാര്‍ പിന്നോട്ട് എടുത്തപ്പോള്‍ നിയന്ത്രണം വിട്ട് കൂട്ടയിടി; നിരവധി വാഹനങ്ങള്‍ക്ക് തകരാറ്; വസ്ത്രവ്യാപാര ശാലയ്ക്ക് എതിരെ കാറുടമയായ യുവതിയുടെ പരാതി

സമീപത്ത് ആരും ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി

Update: 2024-09-10 18:00 GMT

കൊച്ചി: വസ്ത്ര വ്യാപാര ശാലയിലെ ജീവനക്കാരന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം. പാലാരിവട്ടം സിറ്റി സില്‍ക്ക്സിലാണ് സംഭവം. ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ കാറാണ് അപകടത്തില്‍പെട്ടത്.

ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. വസ്ത്ര ശാലയുടെ മുന്നില്‍ വച്ച് യുവതിയുടെ കാര്‍ വാലറ്റ് പാര്‍ക്കിങ്ങിനായി സെക്യൂരിറ്റി ജീവനക്കാരന്‍ വാങ്ങി. പിന്നീട് വാഹനം പാര്‍ക്ക് ചെയ്യാനായി പിന്നിലേക്കെടുത്തപ്പോഴാണ് നിയന്ത്രണം വിട്ടത്. ഓട്ടോ മാറ്റിക്ക് കാര്‍ ആയിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. വാഹനങ്ങളിലോ പരിസരത്തോ ആളുകള്‍ ഇല്ലാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.

ജീവനക്കാരന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ സിറ്റി സില്‍ക്ക്സ് മാനേജ്മെന്റ് ക്ഷമ ചോദിച്ചു. തകരാറിലായ വാഹനങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നന്നാക്കി കൊടുക്കാമെന്ന് അവര്‍ പറഞ്ഞു. അതേ സമയം കാര്‍ ഉടമയായ യുവതി സംഭവത്തില്‍ പാലാരി വട്ടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News