കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ അപകടം; സ്‌കൂട്ടറുമായി ഇടിച്ച് നിയന്ത്രണം തെറ്റി ബൈക്ക് നേരെ പോസ്റ്റിലിടിച്ചു; യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്
അങ്കമാലി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തൃശൂർ മുരിയാട് മഠത്തിൽ വീട്ടിൽ രമേശ് മകൻ സിദ്ധാർത്ഥ് (19) ആണ് മരിച്ചത്. മുക്കന്നൂർ ഫിസാറ്റ് കോളേജ് ഇലട്രിക്കൽ ആൻ്റ് ഇലട്രോണിക്സ് എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോഴാണ് അപകടം നടന്നത്.
കറുകുറ്റി മൂന്നാംപറമ്പ് പള്ളിയ്ക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ വിദ്യാർത്ഥി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്കൂട്ടർ യാത്രക്കാരി കറുകുറ്റി മൂന്നാം പറമ്പ് സ്വദേശിനി ലിസി ജോർജ്ജ് (60) ഗുരുതര പരുക്കുകളോടെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. വിദ്യാർത്ഥിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസിൻ്റെ നടപടി ക്രമങ്ങൾക്ക് ശേഷം നാളെ പോസ്റ്റുമാർട്ടം നടത്തും. പിന്നീട് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ബിനിയാണ് മരിച്ച സിദ്ധാർത്ഥിൻ്റെ അമ്മ.