ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം വെഞ്ഞാറമൂട്
By : സ്വന്തം ലേഖകൻ
Update: 2025-04-24 16:43 GMT
തിരുവനന്തപുരം: ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. ബൈക്കിൽ നിന്നും തെറിച്ചുവീണ് യുവാവിനും പരിക്ക് പറ്റി. വെഞ്ഞാറമൂട് കീഴായിക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ചുള്ളിമാനൂർ റോഡരികത്ത് വീട്ടിൽ ജോർജ് ജോസഫാണ് (70) മരിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പാങ്ങോട് മതിര സ്വദേശി വിഷ്ണു ചന്ദ്രിനാണ് പരിക്ക് പറ്റിയത്.
ബുധനാഴ്ച രാവിലെ 5.45 ന് എം സി റോഡിൽ കീഴായിക്കോണം പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. ഉടൻതന്നെ നാട്ടുകാർ ജോർജ് ജോസഫിനെ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും വിഷ്ണു ചന്ദ്രിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജോർജ് ജോസഫിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.