അമിത വേഗതയിലെത്തിയ ബസ് ബൈക്കിലേക്ക് ഇടിച്ചുകയറി അപകടം; യുവാവിന് ദാരുണാന്ത്യം; ദുരന്തത്തിന് കാരണം മരമെന്ന് നാട്ടുകാർ; പ്രദേശത്ത് വ്യാപക പ്രതിഷേധം
കോഴിക്കോട്: അമിത വേഗതയിൽ എത്തിയ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കുറ്റ്യാടി തൊട്ടില്‍പ്പാലം റോഡിലാണ് സംഭവം നടന്നത്. പൂളക്കണ്ടി സ്വദേശിയായ അടുക്കത്ത് നബീല്‍(43) ആണ് മരിച്ചത്. തളീക്കര കഞ്ഞിരോളിയിലാണ് അപകടം നടന്നത്. തൊട്ടില്‍പ്പാലത്തേക്ക് പോകുകയായിരുന്ന നബീല്‍ സഞ്ചരിച്ച ബൈക്കില്‍ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
തലശ്ശേരി-തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവരാഗം ബസാണ് അപകടം ഉണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ നബീല്‍ തല്‍ക്ഷണം മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ, റോഡരികില്‍ അപകടകരമാം വിധമുള്ള മരമാണ് അപകടത്തിനിടയാക്കിയതെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും പിന്നീട് പോലീസ് സ്ഥലത്ത് എത്തിയാണ് ഇവരെ ഒഴിപ്പിച്ചത്.