കാഞ്ഞങ്ങാട് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു; ഒരാളുടെ നില ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റി
കാസർകോട്: കാഞ്ഞങ്ങാട് മാണിക്കോത്ത് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. മാണിക്കോത്ത് അസീസിൻ്റെ മകൻ അഫാസ് (9), മഡിയനിലെ ഹൈദറിൻ്റെ മകൻ അൻവർ (10) എന്നിവരാണ് മരിച്ചത്. കുട്ടികളെ ഉടനെ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അൻവറിൻ്റെ സഹോദരൻ ഹാഷിമിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മാണിക്കോത്ത് പാലക്കി പഴയ പള്ളിയുടെ കുളത്തിലാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. രണ്ടാൾ പൊക്കത്തിൽ ആഴമുള്ള കുളമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. കുട്ടികൾക്ക് നീന്തൽ അറിയുമായിരുന്നില്ല.
കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപകടത്തിൽ പെട്ടതാകാമെന്നാണ് നിഗമനം. കുളത്തിൽ വീണ ചെരുപ്പ് എടുക്കാനിറങ്ങിയപ്പോൾ അപകടത്തിൽ പെട്ടതാകാമെന്നാണ് കരുതുന്നത്. 2 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഒരാൾ ഗുരുതരാവസ്ഥയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.