അമിത വേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറില്‍ വന്നിടിച്ചു; അപകടത്തില്‍ ഫിഷറീസ് വകുപ്പിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു; ആരോഗ്യനില ആശങ്കാജനകമാണെന്ന് ആശുപത്രി അധികൃതര്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ സംസ്ഥാന ഫിഷറീസ് വകുപ്പിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വെട്ടൂര്‍ കാട്ടുവിള സ്വദേശി അന്‍സീനയും ചെറുന്നിയൂര്‍ സ്വദേശിനി ഷൈലജാ ബീഗവും ആണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് വൈകിട്ട് വര്‍ക്കല രഘുനാഥപുരം റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ അമിതവേഗത്തില്‍ വന്നതായി ആരോപിക്കപ്പെടുന്ന സ്‌കോര്‍പിയോ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്കു തെറിച്ച് വീണു. നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തി ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇരുവരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ ആരോഗ്യനില ആശങ്കാജനകമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വെട്ടൂര്‍ പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഉദ്യോഗസ്ഥരായ ഇവര്‍ ഒരു അപേക്ഷയുടെ അടിസ്ഥാനത്തില്‍ രഘുനാഥപുരം പ്രദേശത്തെ ഒരു വീട് സന്ദര്‍ശിച്ച് ഓഫീസിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് കാരണമായി സ്‌കോര്‍പിയോ അമിത വേഗതയിലാണ് വന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസ്സം നേരിട്ടു. വാഹനമോടിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരം.