അയ്യപ്പ സംഗമത്തില്‍ അയ്യപ്പഭക്തര്‍ വിട്ടു നിന്നത് സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതിന്റെ തെളിവ്; ശബരിറെയില്‍ അടക്കം വികസന പദ്ധതികള്‍ എല്ലാം മുടക്കിയത് ഇടതു വലതു സര്‍ക്കാരുകള്‍: ബിജെപി

അയ്യപ്പ സംഗമത്തില്‍ അയ്യപ്പഭക്തര്‍ വിട്ടു നിന്നത് സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതിന്റെ തെളിവ്

Update: 2025-09-20 18:29 GMT

തിരുവനന്തപുരം: ശബരിറെയില്‍ അടക്കം ശബരിമലയിലേക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വികസന പദ്ധതികളെല്ലാം മുടക്കിയത് ഇടതു വലതു സര്‍ക്കാരുകളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ശബരിമലയിലെ ആചാര വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ നോക്കിയ കമ്യൂണിസ്റ്റ് നേതാവിന്റെ കാപട്യം നിറഞ്ഞ പ്രസംഗം വിശ്വാസ സമൂഹം തള്ളിക്കളഞ്ഞു. ശബരി മലയ്ക്കുള്ള കേന്ദ്രഫണ്ടുകള്‍ പാഴാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ നാടകം തിരിച്ചറിഞ്ഞ അയ്യപ്പഭക്തര്‍ വിട്ടുനിന്നതിന്റെ തെളിവായിരുന്നു പമ്പയിലെ ഒഴിഞ്ഞ കസേരകളെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ശബരിമല വികസനമാണ് ഉദ്ദേശമെങ്കില്‍ ശബരീറയിലിന് ഭൂമി ഏറ്റെടുത്തു കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭൂമി നല്‍കിയാല്‍ പദ്ധതി നടപ്പാക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം മറച്ചുപിടിച്ച് വ്യാജ പ്രചാരണം നടത്തുന്നത് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മയുടെ തെളിവാണ്.

ക്ഷേത്രങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുന്നത് എന്തോ വലിയ ത്യാഗം സഹിക്കുന്നതിന് സമാനമായ രീതിയിലാണ് മുഖ്യമന്ത്രി അയ്യപ്പ സംഗമത്തില്‍ പ്രസംഗിച്ചത്. എന്നാല്‍ അത് ത്യാഗം അല്ല, സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു. ക്ഷേത്രങ്ങളും കോടിക്കണക്കിന് രൂപ വിലവരുന്ന സ്വത്തുവകകളും ഭൂമിയും കവനെന്റിലൂടെ ദേവസ്വം ബോര്‍ഡിലേക്ക് ചേര്‍ത്തപ്പോള്‍ ആ കവനെന്റ് പ്രകാരം നല്‍കുന്ന നഷ്ടപരിഹാരം മാത്രമാണ് ഈ തുക. എന്നാല്‍ കോടിക്കണക്കിന് വില വരുന്ന പതിനായിരക്കണക്കിന് ഏക്കര്‍ ദേവസ്വം ഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ കഴിഞ്ഞിട്ടില്ല. തലസ്ഥാനത്ത് പാളയം ഗണപതി ക്ഷേത്രത്തിന്റെ ഭൂമി ഉള്‍പ്പെടെ നഷ്ടമായ എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് മുന്‍പില്‍ ഉണ്ട്.

സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ത്യാഗം സഹിച്ച് ക്ഷേത്ര ഭരണം നടത്തേണ്ട ആവശ്യമില്ല എന്ന് കേരളത്തിലെ വിശ്വാസികള്‍ പലതവണ ആവര്‍ത്തിച്ചിട്ടുള്ളതാണ്. അതുതന്നെയാണ് ബിജെപിക്കും പറയാനുള്ളത്: ഖജനാവില്‍ നിന്ന് പണം മുടക്കി ക്ഷേത്രകാര്യം നടത്തേണ്ട ആവശ്യമില്ല. ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടു നല്‍കണം.

പ്രസംഗത്തിനു വേണ്ടിയാണെങ്കിലും മുഖ്യമന്ത്രി ഭഗവത് ഗീത പഠിച്ചത് നന്നായി. ഗീത ഉള്‍പ്പെടെയുള്ള ഭാരതീയ പുരാണങ്ങള്‍ മനുഷ്യനെ നന്മയിലേക്ക് നയിക്കാറുണ്ട്. അത്തരം വെളിച്ചം മുഖ്യമന്ത്രിക്കും ഉണ്ടാകട്ടെ. ദേവസ്വം ജീവനക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടതുമുന്നണിയിലെ മന്ത്രിമാരും അല്ലാതെ യഥാര്‍ത്ഥ ഭക്തരെ ആരെയും പമ്പയിലെ സംഗമത്തില്‍ കണ്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.

Tags:    

Similar News