വീട് മാറി താമസിക്കാത്തത് പകയായി; സഹോദരിയെ തലക്ക് അടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ 57കാരനെ ശിക്ഷിച്ച് കോടതി; 18 മാസം അഴിയെണ്ണണം

Update: 2025-09-20 14:45 GMT

ആലപ്പുഴ: വീട്ടിൽ നിന്ന് മാറി താമസിക്കാത്തതിലുള്ള വൈരാഗ്യത്തിൽ സഹോദരിയെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ 57 വയസ്സുകാരന് 18 മാസം തടവ് ശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി. തഴക്കര പഞ്ചായത്ത് പനു വേലിൽ വീട്ടിൽ ഗോപി കുട്ടൻ പിള്ള (57) യെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി1 ജഡ്ജി വി ജി ശ്രീദേവി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ജൂൺ 12-ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു ഈ ക്രൂരമായ ആക്രമണം നടന്നത്.

വിവാഹിതയായ സഹോദരി മണിയമ്മയോടൊപ്പം ഒരേ വീട്ടിൽ താമസിച്ചുവരികയായിരുന്നു പ്രതി ഗോപി കുട്ടൻ പിള്ള. മണിയമ്മയും ഭർത്താവും തങ്ങളുടെ വീടൊഴിഞ്ഞ് മാറി താമസിക്കാൻ തയ്യാറാകാത്തതിലുള്ള കടുത്ത വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തി. സംഭവദിവസം രാവിലെ വീടിന്റെ തിണ്ണയിൽ കിടക്കുകയായിരുന്ന മണിയമ്മയെ ഇയാൾ തടികഷണം ഉപയോഗിച്ച് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്കേറ്റ പരിക്ക് മണിയമ്മയുടെ ജീവന് അപകടകരമായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

ആക്രമണ വിവരം ലഭിച്ച ഉടൻ കുറത്തികാട് പോലീസ് സ്റ്റേഷൻ എസ് ഐ ബിജു സി വി സംഭവത്തിൽ കേസെടുക്കുകയും പ്രതിയായ ഗോപി കുട്ടൻ പിള്ളയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിന് ശേഷം പ്രതിയെ ജയിലിൽ പാർപ്പിച്ചുകൊണ്ടായിരുന്നു വിചാരണ നടപടികൾ പൂർത്തിയാക്കിയത്. 

Tags:    

Similar News