മണിപ്പൂരില്‍ സംഘര്‍ഷം വ്യാപിക്കുന്നു; വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും തീയിട്ടു; ഉക്രുല്‍ ജില്ലയില്‍ നിരധനാജ്ഞ; പ്രദേശത്ത് ഇന്റര്‍നെറ്റിനും നിരോധനം: കലാപ പ്രദേശങ്ങളില്‍ കേന്ദ്രസേനയെ വിന്യസിച്ച് സര്‍ക്കാര്‍
മണിപ്പൂരില്‍ സംഘര്‍ഷം വ്യാപിക്കുന്നു
ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഉക്രുല്‍ ജില്ലയില്‍ കുക്കി-നാഗാ സംഘര്‍ഷം ആളികത്തുകയാണ്. ഉക്രുല്‍ ജില്ലയിലെ ലിറ്റാന്‍ സാരയ്‌ഖോങ് ഗ്രാമത്തില്‍ ഇരുപതിലധികം നാഗാ വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും തീയിട്ടു. പ്രദേശത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു, ജില്ലയില്‍ 5 ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചു.
ഉക്രുല്‍, കാംജോങ് ജില്ലകളില്‍ കുക്കികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന താങ്കുല്‍ നാഗാ ഗോത്രത്തിന്റെ തീരുമാനമാണ് പുതിയ സംഘര്‍ഷത്തിന് തുടക്കമിട്ടത്. സമാധാനശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കലാപം വ്യാപിക്കുകയാണ്.
നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉക്രുല്‍. ഇവിടത്തെ സായുധ നാഗാ ഗ്രൂപ്പുകളും സംഘര്‍ഷത്തില്‍ പങ്കാളിയായതോടെ കുക്കി ഗോത്രവിഭാഗക്കാര്‍ ഇവിടെ നിന്ന് പലായനം ചെയ്യുകയാണ്. ശനിയാഴ്ച ലിറ്റാന്‍ ഗ്രാമത്തില്‍ നാഗാ യുവാവിനെ കുക്കി ഗോത്രത്തില്‍പ്പെട്ട ചിലര്‍ ആക്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. കലാപം വ്യാപിക്കുമെന്ന ഭയത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചു.