ഒരു മാസമായി പോലീസ് വിടാതെ നിരീക്ഷിച്ചു; ഒടുവിൽ കുടുങ്ങി; വള്ളികുന്നത്ത് 5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
By : സ്വന്തം ലേഖകൻ
Update: 2025-09-20 14:00 GMT
വള്ളികുന്നം: രാസലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന 'ഓപ്പറേഷൻ ഡി-ഹണ്ടി'ന്റെ ഭാഗമായി വള്ളികുന്നത്ത് 5 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയാ ഭവനിൽ വിജയാനന്ദന്റെ മകൻ ആദർശ് (32) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 5 ഗ്രാം എംഡിഎംഎയും സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തു.
ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വള്ളികുന്നം പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളിയിൽ നിന്നാണ് എംഡിഎംഎ വാങ്ങുന്നതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വിൽപ്പനക്കായി കൊണ്ടുവന്നതാണ് പിടിച്ചെടുത്ത ലഹരിമരുന്നുകളെന്ന് പോലീസ് അറിയിച്ചു. മാസങ്ങളായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.