ചാലക്കുടിയിൽ വൻ ലഹരിവേട്ട; കുടുങ്ങിയത് ഓപ്പറേഷൻ ഡി ഹണ്ടിൽ; ചാക്കുകളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ; എല്ലാം പിടിച്ചെടുത്തു; പ്രതി അറസ്റ്റിൽ
തൃശൂർ: ചാലക്കുടി നാടുകുന്നിൽ വൻ ലഹരിവേട്ട, ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധനകൾ നടന്ന് വരവെ വാഹനപരിശോധനയിൽ അഞ്ഞൂറോളം ചാക്കുകളിലായി നിറച്ചിരുന്ന 3,62,750 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി ബിജു കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
കേസിൽ ലോറി ഡ്രൈവർ മലപ്പുറം മഞ്ചേരി മേലാക്കം സ്വദേശി തറമണ്ണിൽ വീട്ടിൽ അബ്ദുൾ മനാഫ് (41 ) എന്നയാളെ അറസ്റ്റ് ചെയ്തു. പുകയില ഉത്പന്ന ശേഖരം കൊണ്ടു വന്ന വാഹനവും കസ്റ്റഡിയിലെടുത്തു.
ബിസ്കറ്റ് പാക്കറ്റുകളോട് കൂടിയ ബോക്സുകൾക്കിടയിൽ പുകയില ഉൽപ്പന്നങ്ങൾ അടങ്ങിയ ചാക്കുകൾ ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്. ചാലക്കുടി മുതൽ കൊല്ലം വരെ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ് പ്രസ്തുത പുകയില ഉത്പന്ന ശേഖരമെന്നാണ് വിവരങ്ങൾ.