മതനിരപേക്ഷതയും, ശാസ്ത്രചിന്തയും ഭരണഘടന മൂല്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഗാനം സ്‌കൂളുകളില്‍ ആലപിക്കുന്നതിനെപ്പറ്റി സമൂഹം ചര്‍ച്ച ചെയ്യണം; അടുത്ത വര്‍ഷം മുതല്‍ ശാസ്ത്രമേളയില്‍ വിജയിക്കുന്ന ജില്ലയ്ക്ക് സ്വര്‍ണ്ണക്കപ്പ് എന്നും മന്ത്രി വി ശിവന്‍കുട്ടി
അടുത്ത വര്‍ഷം മുതല്‍ ശാസ്ത്രമേളയില്‍ വിജയിക്കുന്ന ജില്ലയ്ക്ക് സ്വര്‍ണ്ണക്കപ്പ് എന്നും മന്ത്രി വി ശിവന്‍കുട്ടി
പാലക്കാട്: അടുത്ത വര്‍ഷം മുതല്‍ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വര്‍ണ്ണ കപ്പ് നല്‍കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ 57 മത് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം പാലക്കാട് ഗവ.മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .
ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നതിന് സാധനങ്ങള്‍ വാങ്ങുന്നതിനായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ ശാസ്ത്രമേളയില്‍ വിജയികള്‍ക്ക് നല്‍കുന്ന കാഷ് പ്രൈസ് ഉയര്‍ത്തുന്ന കാര്യം ആലോചിക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍, മാനേജ്‌മെന്റ് ഉള്‍പ്പെടെ വിവിധ സ്‌കൂളുകളില്‍ നടത്തുന്ന പാഠ്യ പാഠ്യേതര പരിപാടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് വ്യത്യസ്തമാര്‍ന്ന ഗാനങ്ങളാണ് ആലപിക്കുന്നത്. ഇതിന് പകരമായി മതനിരപേക്ഷതയും, ശാസ്ത്രചിന്തയും ഭരണഘടന മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഗാനം സ്‌കൂളുകളില്‍ ആലപിക്കുന്നതിനെപ്പറ്റി സമൂഹം ചര്‍ച്ച ചെയ്യണമെന്നും മന്ത്രി സൂചിപ്പിച്ചു.
വിദ്യാര്‍ത്ഥികളുടെ ചിന്താശക്തിയും നൈസര്‍ഗികതയും കഴിവുകള്‍ തെളിയിക്കാനും ശാസ്ത്ര ബോധം സാമൂ ഹ്യ പ്രതിബന്ധത എന്നിവ വളര്‍ത്തുന്നതിലും ശാസ്ത്ര മേളയ്ക്ക് വലിയ പങ്കുണ്ട്. പുതിയ മാന്വല്‍ അനുസരിച്ചാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുന്നത്. ഈ മാറ്റങ്ങള്‍ മത്സരങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സഹായിക്കും. ഇത് പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് സാധ്യത നല്‍കും.
സംസ്ഥാനത്ത് അറിവിന്റെ ഏറ്റവും വലിയ ഉത്സവമാണ് ശാസ്ത്രമേളയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സ്‌കൂള്‍ ശാസ്ത്രമേളകളില്‍ ഉയര്‍ന്നുവരുന്ന ഒട്ടേറെ ആശയങ്ങള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന നൂതനാശയങ്ങളായി പിന്നീട് മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രമേളകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളില്‍ പലരും പിന്നീട് ശാസ്ത്രരംഗത്ത് മികവ് കൈവരിക്കുകയും നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്ത്രാഭിമുഖ്യവും ശാസ്ത്ര അവബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ശാസ്ത്രമേളകള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.
ഇന്ത്യയുടെ ഭരണഘടന തന്നെ പൗരന്മാരുടെ മൗലിക കടമകളില്‍ ഒന്നായി ചൂണ്ടിക്കാണിക്കുന്നത് ശാസ്ത്ര അവബോധം വളര്‍ത്തുക എന്നതാണ്. നിര്‍ഭാഗ്യവശാല്‍ അതിന് നേരെ വിപരീതം ആയിട്ടുള്ള പ്രവണതകളാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി രാജ്യത്ത് മേല്‍കൈ നേടിയിട്ടുള്ളതെന്ന് സൂചിപ്പിച്ച മന്ത്രി, ശാസ്ത്ര വിരുദ്ധമായിട്ടുള്ള അഭിപ്രായങ്ങള്‍, വിജ്ഞാന വിരുദ്ധമായിട്ടുള്ള പ്രചരണങ്ങള്‍ തുടങ്ങിയവ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ നടത്തുന്നത് ഇന്ന് പതിവായി മാറിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വര്‍ഗീയത വളരുന്നതോടൊപ്പം ശാസ്ത്രവിരുദ്ധതയും വിജ്ഞാനവിരുദ്ധതയും വളരുന്നു. ഇവ രണ്ടും വര്‍ഗീയതയ്ക്ക് വളക്കൂറായി മാറുകയും ചെയ്യുന്നു. ശാസ്ത്രത്തെയും മിത്തിനെയും കൂട്ടിക്കുഴച്ച് എല്ലാ അറിവും മുന്‍കാലങ്ങളില്‍ തന്നെ ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കലാണ് ശാസ്ത്ര വിരുദ്ധ പ്രചാരണത്തിന്റെ രീതി എന്നും മന്ത്രി പറഞ്ഞു. ശാസ്ത്രം എന്നാല്‍ അറിവിന്റെ നിരന്തരമായ അന്വേഷണവും, സത്യാന്വേഷണവുമാണ്. ശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ തത്വം കണ്ടെത്താനാവാത്തതായി ഒന്നുമില്ല എന്നതാണ്. വിമര്‍ശന ബുദ്ധി എന്നത് ശാസ്ത്രാവബോധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ്. ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ഘടകം കൂടിയാണിത്. വിമര്‍ശനം കുറ്റകരമായി കണക്കാക്കുന്ന ഒരു സാമൂഹിക അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു. ശാസ്ത്രമേള ചോദ്യങ്ങള്‍ ചോദിക്കാനും വിമര്‍ശന ബുദ്ധി വളര്‍ത്താനും വേണ്ടിയാണ് സംഘടിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ സുവനീര്‍ പ്രകാശനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. കവര്‍ ചിത്രം ഡിസൈന്‍ ചെയ്ത ടി ആര്‍ കെ എച്ച് എസ് എസ് വിദ്യാര്‍ത്ഥി കെ ആദിത്യന് പരിപാടിയില്‍ ആദരവ് നല്‍കി. ദേശീയ ശാസ്ത്ര സെമിനാറില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എന്‍.എസ്.എസ്.കെ.പി.ടി ഒറ്റപ്പാലം സ്‌കൂളിലെ ഋഷികേശ് എന്ന വിദ്യാര്‍ത്ഥിയേയും ചടങ്ങില്‍ ആദരിച്ചു.
പാലക്കാട് ഗവണ്‍മെന്റ് മോയന്‍സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എംഎല്‍എമാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, കെ.ഡി പ്രസേനന്‍, എ പ്രഭാകരന്‍, എന്‍ ഷംസുദ്ദീന്‍, പി മമ്മികുട്ടി, ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് എ.ഡി.പി.ഐ സി.എ സന്തോഷ് എന്നിവര്‍ സംസാരിച്ചു. കെ ശാന്തകുമാരി എംഎല്‍എ, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ആര്‍.കെ ജയപ്രകാശ്, എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ എ.ആര്‍ സുപ്രിയ, കൈറ്റ് സി.ഇ.ഒ കെ അന്‍വര്‍ സാദത്ത്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സലീനബീവി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആസിഫ് അലിയാര്‍, അധ്യാപക സംഘടന പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
