പത്ത് കൊല്ലമായി കൂടെ ജോലി ചെയ്യുന്നു; ബാങ്കിൽ അടയ്ക്കാനായി പണം നൽകിയതും സ്വഭാവം മാറി; ഡ്രൈവർ മുങ്ങിയത് കോടികളുമായി; തലയിൽ കൈവച്ച് ഉടമ!
ബെംഗളൂരു: ബാങ്കിൽ അടയ്ക്കാനായി സൂക്ഷിക്കാൻ കൊടുത്ത പണവുമായി മുങ്ങിയ തൊഴിലാളി അറസ്റ്റിൽ. തൊഴിലുടമ നൽകിയ 1.5 കോടി രൂപയുമായി മുങ്ങിയ ബെംഗളൂരു ഡ്രൈവര്‍ പിടിയിൽ. വടക്കൻ ബെംഗളൂരുവിലെ വയലിക്കാവൽ നിവാസിയായ രാജേഷ് ബിഎൻ(45) ആണ് പിടിയിലായത്. കോദണ്ഡരാമപുരയിൽ താമസിക്കുന്ന ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ഡ്രൈവറായി കഴിഞ്ഞ പത്ത് കൊല്ലമായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്.
മേയ് 5 ന് 1.51 കോടി രൂപ അടങ്ങിയ ഒരു ബാഗ് രാജേഷിന് നൽകിയതായും അത് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതിനാൽ കാറിൽ സൂക്ഷിക്കാൻ ആവശ്യപ്പെട്ടതായും പരാതിക്കാരൻ വ്യക്തമാക്കി. കുറച്ചുകഴിഞ്ഞ് ബാങ്കിലേക്ക് പോകാൻ ചാർട്ടേഡ് അക്കൗണ്ടന്‍റ് എത്തിയപ്പോൾ രാജേഷിനെയും കാറിനെയും കണ്ടില്ല. പിന്നാലെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ പരാതിയെ തുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.
മേയ് 9 ന് പ്രതി പോലീസിന് മുന്നിൽ ഹാജരായി കുറ്റം സമ്മതിച്ചു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ അയാളെ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ രാജേഷ് വീട്ടിലേക്കായി ഏകദേശം ഒരു ലക്ഷം രൂപ ചെലവഴിച്ചതായും ഒരു ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയിൽ ആയിരക്കണക്കിന് രൂപ നിക്ഷേപിച്ചതായും കണ്ടെത്തി.സംഭാവന ചെയ്ത പണം തിരികെ ലഭിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.